ആര്‍.എസ്.എസ് ആക്രമണത്തില്‍ പ്രതിഷേധിച്ച് ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ കലാജീവിതം അവസാനിപ്പിക്കാന്‍ ആലോചിക്കുന്നു

single-img
23 September 2015

guru_2കോഴിക്കോട്: ചേലിയ കഥകളി വിദ്യാലയത്തിന് നേരെയുണ്ടായ ആര്‍.എസ്.എസ് ആക്രമണത്തില്‍ പ്രതിഷേധിച്ച് ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ കലാജീവിതം അവസാനിപ്പിക്കാന്‍ ആലോചിക്കുന്നു.  ആര്‍എസ്എസ് ആക്രമണങ്ങള്‍ തന്നെ മടുപ്പിക്കുന്നു. കലാപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ആലോചിക്കുന്നുവെന്നും അദ്ദേഹം സ്വകാര്യചാനലിനോട് പറഞ്ഞു.

കഴിഞ്ഞ ദിവസം ചെണ്ട പരിശീലിക്കാനെത്തിയ 12കാരനെ തല്ലിയെന്നാരോപിച്ച് അധ്യാപകന്‍ അജിത്കുമാറിനെ ഒരുസംഘം ആക്രമിച്ച് പരുക്കേല്‍പ്പിക്കുകയായിരുന്നു. അധ്യാപകന്റെ പരാതിയെ തുടര്‍ന്ന് വിദ്യാര്‍ത്ഥിയുടെ പിതാവ് ഉള്‍പ്പെടെ 12 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പരുക്കേറ്റ അധ്യാപകന്‍ ഇപ്പോള്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്.

കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കലാകേന്ദ്രങ്ങളുള്ള കഥകളി ആചാര്യനാണ് ഗുരു ചേമഞ്ചേരി. കഴിഞ്ഞ ദിവസം നടന്ന സംഭവത്തില്‍ കൊയ്‌ലാണ്ടി പൊലീസിന്റെ നേതൃത്വത്തില്‍ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്.  തന്റെ കലാവിദ്യാലയത്തില്‍ എത്തിയ അക്രമികള്‍ അധ്യാപകനായ അജിത് കുമാറിന്റെ ഉടുമുണ്ട് ഉരിഞ്ഞ് പോലും മര്‍ദ്ദനം നടത്തിയെന്നും, കുട്ടികള്‍ക്ക് മുന്‍പില്‍ വെച്ചാണ് അധ്യാപകനെ മര്‍ദ്ദിച്ചതെന്ന് ഗുരു ചേമഞ്ചേരി പറഞ്ഞു. മര്‍ദ്ദനമേറ്റ അധ്യാപകന്റെ സ്ഥാനത്ത് നൂറു വയസ്സുള്ള താനായിരുന്നെങ്കില്‍ പോലും അവര്‍ മര്‍ദ്ദിക്കുമായിരുന്നെന്നും ഗുരു പറഞ്ഞു.