മധ്യപ്രദേശില്‍ മരിച്ച വ്യക്തി കോടതിയിലെത്തി ഭൂമി കൈമാറ്റം ചെയ്തതായി രേഖകള്‍

single-img
23 September 2015

gavel judge courtഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മരിച്ച വ്യക്തി ഭൂമി കൈമാറ്റം ചെയ്യാന്‍ കോടതിയിലെത്തിയതായി രേഖകള്‍. ഒന്നര വര്‍ഷം മുമ്പ് മരിച്ചു പോയ ബിശ്വ ബിഹാരി ആസ്വാദിയുടെ ഒപ്പും രേഖകളും ഉണ്ടാക്കിയാണ് കോടികള്‍ വിലമതിക്കുന്ന 78000 സ്‌ക്വയര്‍ ഫീറ്റ് ഭൂമിയുടെ കൈമാറ്റം നടത്തിയത്. മരണപ്പെട്ട് പോയ വ്യക്തിയെ സബ് മജിസ്‌ട്രേറ്റ് കോടതിയിലെത്തിച്ച് എങ്ങനെ വസ്തു കൈമാറ്റം നടത്തിയെന്നതിനെ കുറിച്ച് അന്വേഷണം നടത്താന്‍ ലാന്റ് ഡിവിഷണല്‍ കമ്മീഷണര്‍ ഉത്തരവിട്ടു.

2011 ഫെബ്രുവരി 9ന് ആണ് ബിശ്വ ബിഹാരി ആസ്വാദി മരിച്ചത്.മരണ സര്‍ട്ടിഫിക്കേറ്റും സര്‍ക്കാര്‍ രേഖകളിലുണ്ട. എന്നിട്ടും 2012 ജൂലൈ രണ്ടിനാണ് ഇന്‍ഡോറിലെ കളക്ട്രേറ്റിലുള്ള സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നാഗേന്ദ്ര സിംഗിനും വീരേന്ദ്ര സിംഗിനും തന്റെ കോടികള്‍ വിലമതിക്കുന്ന 78000 സ്‌ക്വയര്‍ ഫീറ്റ് ഭൂമി കൈമാറ്റം ചെയ്യുന്നത് രേഖപ്പെടുത്താന്‍ ബിശ്വ എത്തിയത്. മരിച്ച വ്യക്തിയുടെ ഒപ്പും കൈമാറ്റ രേഖകളില്‍ ഇതേ ദിവസം രേഖപ്പെടുത്തിയിട്ടുണ്ട്.

ബിശ്വയുടെ സുഹൃത്തായ രാജേന്ദ്ര കെ ഗുപ്ത എന്ന വ്യക്തി വിവരാവകാശ നിയമ പ്രകാരം എടുത്ത രേഖകളിലാണ് ഇത് കണ്ടെത്തിയത്. വൈരുധ്യങ്ങള്‍ കണ്ടതോടെ നിയമലംഘനം നടന്നതായി ബോധ്യപ്പെട്ട ഡിവിഷണല്‍ കമ്മീഷണര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.