അധ്യാപകരെ നിയമിക്കണമെന്നാവശ്യപ്പെട്ട് മാമലക്കണ്ടം സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ നിരാഹാര സമരം വിജയിച്ചു

single-img
23 September 2015

mamalaകോതമംഗലം: മാമലക്കണ്ടം സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപകരെ നിയമിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നിരാഹാര സമരം വിജയിച്ചു. സ്‌കൂളിലേക്ക് ആവശ്യമായ അധിക തസ്തികകള്‍ അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മന്ത്രി കെ.സി ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോതമംഗലം വിദ്യാഭ്യാസ ഓഫീസില്‍ നടത്തിവരുന്ന നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക് കടന്നതിനിടെയാണ് നാടിന് ആശ്വാസമേകി സര്‍ക്കാര്‍ പ്രഖ്യാപനം വന്നത്. എന്നാല്‍ അധികൃതരുടെ ഭാഗത്തുനിന്നും രേഖാമൂലം ഉറപ്പുനല്‍കിയാല്‍ മാത്രമേ സമരത്തില്‍ നിന്നു പിന്‍മാറൂ എന്ന നിലപാടിലാണ് കുട്ടികള്‍.

കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി ഊരുകളിലെ കുട്ടികളുടെ ഏക ആശ്രയമായ സ്‌കൂളിനെ സര്‍ക്കാര്‍ ഹൈസ്‌കൂളാക്കി ഉയര്‍ത്തിയെങ്കിലും അധ്യാപകരില്ലാത്തതിനാല്‍ പഠനം പാതി വഴിമുടങ്ങിയിരുന്നു. ഇതേതുടര്‍ന്നാണ് രണ്ട് വിദ്യാര്‍ത്ഥികള്‍ ഡി.ഇ ഓഫീസിന് മുന്നില്‍ നിരാഹാര സമരം ആരംഭിച്ചത്. എന്നാല്‍ വിദ്യാര്‍ത്ഥികളെ നിരാഹാരത്തേലേക്ക് തള്ളിവിടില്ലെന്നും പകരം താന്‍ നിരാഹാരസമരം നടത്തുമെന്നും ഇടുക്കി എം.പി ജോയ്‌സ് ജോര്‍ജ്ജ് വ്യക്തമാക്കി.

സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ യദു കൃഷ്ണനും സന്ധ്യയുമാണ് നിരാഹാരം ആരംഭിച്ചിരിക്കുന്നത്. രണ്ട് വര്‍ഷം മുമ്പാണ് സ്‌കൂള്‍ ഹൈസ്‌കൂളാക്കി ഉയര്‍ത്തിയത്. എങ്കിലും ഇവിടെ പുതിയ അധ്യാപക തസ്തികകള്‍ അനുവദിച്ചില്ല. ഈ വര്‍ഷം 24 കുട്ടികള്‍ പത്താം ക്ലാസിലേക്ക് ജയിച്ചെങ്കിലും അധ്യാപകരില്ലാത്തതിനാല്‍ ഇവരുടെ പഠനം മുടങ്ങി. ഇതിനിടെ സാമ്പത്തിക ശേഷിയുള്ളവര്‍ കുട്ടികളെ ഇവിടെ നിന്ന് മാറ്റി.

ആദിവാസികളടക്കം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രക്ഷിതാക്കള്‍ക്ക് മറ്റ് മാര്‍ഗ്ഗമില്ലാതെ വന്നതോടെയാണ് ഇവര്‍ കുട്ടികളുമായി സമരത്തിന് ഇറങ്ങിയത്. ഡി.ഇ ഓഫീസില്‍ ഉപരോധ സമരം ആരംഭിച്ച രക്ഷിതാക്കളും കുട്ടികളും പിന്നീട് നിരാഹാര സമരം പ്രഖ്യാപിക്കുകയായിരുന്നു.

അധ്യാപക തസ്‌കിക അനുവദിക്കാത്തതിനാല്‍ മാമലക്കണ്ടത്ത് താല്‍കാലി അധ്യാപകരെ വച്ച് ക്ലാസുകള്‍ നടത്താനും കഴിയാത്ത സാഹചര്യമാണുള്ളത്. പുറത്ത് നിന്ന് അധ്യാപകരെ കൊണ്ട് വന്ന് ക്ലാസുകള്‍ നടത്താനുള്ള സാമ്പത്തിക ശേഷി തങ്ങള്‍ക്ക് ഇല്ലെന്നും രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.