ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലൂടെ എൽ.പി.ജി സബ്‌സിഡി പദ്ധതി; ഗിന്നസ് ബുക്ക് ഒഫ് റെക്കോഡ്‌സിൽ ഇടം പിടിച്ചു

single-img
23 September 2015

gasകൊച്ചി: എൽ.പി.ജി സബ്‌സിഡി ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടു നൽകുന്ന കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ പദ്ധതി ഗിന്നസ് ബുക്ക് ഒഫ് റെക്കോഡ്‌സിൽ ഇടം പിടിച്ചു. പെട്രോളിയം – പ്രകൃതി വാതക മന്ത്രാലയത്തിനു വേണ്ടി ഭാരത് പെട്രോളിയം  സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ് ഗിന്നസ് ലോക റെക്കോഡ് കമ്മിറ്റി ഡി.ബി.ടി.എൽ പദ്ധതി അംഗീകരിച്ചത്.

അമേരിക്ക,ചൈന എന്നിവിടങ്ങളിലെ സമാന പദ്ധതികളുമായി മത്‌സരിച്ചാണ് ഡി.ബി.ടി.എൽ ഗിന്നസ് ബുക്കിൽ കയറിയത്. പഹൽ എന്ന പേരിൽ ഡി.ബി.ടി.എൽ പദ്ധതി രാജ്യത്തെ 54 ജില്ലകളിൽ 2014 നവംബർ 15ന് പുനരാരംഭിച്ചിരുന്നു. 2015 ജനുവരി ഒന്നുമുതൽ രാജ്യവ്യാപകമായും നടപ്പാക്കി. ഉപഭോക്താക്കൾ ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെടുത്തുന്ന മുറയ്‌ക്കാണ് സബ്സിഡി നേരിട്ടു ബാങ്ക് അക്കൗണ്ടിൽ നൽകുന്നത്.

ആധാറില്ലാത്തവരുടെ ബാങ്ക് അക്കൗണ്ട് നമ്പർ എൽ.പി.ജിയുമായി ബന്ധപ്പെടുത്തിയും സബ്സിഡി നൽകുന്നു. ബി.പി.സി.എൽ., ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, എച്ച്.പി.സിഎൽ എന്നിവർ നാലു മാസത്തിനിടെ തന്നെ 80 ശതമാനം ഉപഭോക്താക്കളെയും പദ്ധതിയിൽ ചേർത്തു. ഇതുവരെ 25,300 കോടി രൂപയാണ് സബ്‌സിഡിയായി ഉപഭോക്താക്കൾക്ക് കേന്ദ്ര പെട്രോളിയം മന്ത്രാലയം നൽകിയത്.