സ്ത്രീകള്‍ ജോലി ചെയ്യാന്‍ തുടങ്ങിയതാണ് തൊഴിലില്ലായ്മക്ക് കാരണം; ഛത്തീസ്ഗഡ് സി.ബി.എസ്.ഇ പുറത്തിറക്കിയ പാഠപുസ്തകത്തിലെ പരാമര്‍ശം വിവാദമാകുന്നു

single-img
23 September 2015

bookറായ്പുര്‍: സ്ത്രീകള്‍ ജോലി ചെയ്യാന്‍ തുടങ്ങിയതാണ് തൊഴിലില്ലായ്മക്ക് കാരണമെന്ന  പാഠപുസ്തകത്തിലെ പരാമര്‍ശത്തിനെതിരെ പ്രതിഷേധം ശക്തം. ഛത്തീസ്ഗഡ്  സി.ബി.എസ്.ഇ പുറത്തിറക്കിയ പത്താം ക്ളാസ് പാഠപുസ്തകത്തിലാണ് വിവാദ പരാമര്‍ശമുള്ളത്. വനിതാ ശാക്തീകരണത്തിനും ലിംഗ സമത്വത്തിനും വേണ്ടി മുറവിളി ഉയര്‍ത്തുന്ന കാലത്താണ് ഇത്തരത്തിലുള്ള പരാമര്‍ശമെന്നത് നിരാശാജനകമാണ്.

സ്വാതന്ത്ര്യത്തിന് ശേഷം വനിതകള്‍ ജോലി ചെയ്യുന്നതിന്‍െറ തോത് എല്ലാ മേഖലകളിലും വര്‍ധിച്ചിതിനാല്‍ തൊഴിലില്ലായ്മ ഉയരാന്‍ കാരണമായെന്നാണ് പാഠപുസ്തകത്തില്‍ പറയുന്നത്. പാഠഭാഗം വിവാദമായതോടെ ജാഷ്പുര്‍ ജില്ലയിലെ  അധ്യാപിക സംസ്ഥാന വനിതാ കമീഷന് പരാതി നല്‍കി. വിഷയത്തില്‍ മുഖ്യമന്ത്രി രമണ്‍ സിങ്ങിനോട് വനിതാ കമീഷന്‍ വിശദീകരണം തേടിയിട്ടുണ്ട്.

മുമ്പും പാഠപുസ്തകങ്ങളിലെ തെറ്റായ പരാമര്‍ശങ്ങള്‍ രാജ്യത്ത് വലിയ ചര്‍ച്ചകള്‍ക്കും പ്രതിഷേധത്തിനും വഴിവെച്ചിരുന്നു. 2012ല്‍ മാംസാഹാരം കഴിക്കുന്നവര്‍ കള്ളം പറയുകയും വഞ്ചിക്കുകയും കുറ്റകൃത്യങ്ങളും ചെയ്യുന്നുവെന്ന് സി.ബി.എസ്.ഇ പാഠപുസ്തകത്തില്‍ അച്ചടിച്ചു വന്നിരുന്നു. 2013ല്‍ അരുണാചല്‍ പ്രദേശ് ഉള്‍പ്പെടാത്ത ഇന്ത്യയുടെ ഭൂപടം അച്ചടിച്ചു വന്ന ഒമ്പതാം ക്ളാസ് ഭൂമിശാസ്ത്ര പുസ്തകം പിന്‍വലിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.

2014ല്‍ പശ്ചിമ ബംഗാളിലെ പാഠപുസ്തകത്തില്‍ സ്വാതന്ത്ര സമര സേനാനികളെ തീവ്രവാദികളോട് ഉപമിച്ചിരുന്നു. എട്ടാം ക്ളാസ് ചരിത്ര പുസ്തകത്തില്‍ ഖുദിറാം ബോസ്, ജതീന്ദ്രനാഥ് മുഖര്‍ജി, പ്രഫുല ഛകി എന്നീ സ്വാതന്ത്ര സമര സേനാനികളുടെ പ്രവര്‍ത്തനങ്ങളെ ‘തീവ്രവാദം -ഭീകരവാദം’ എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയത്.