എസ്.ഐയേയും വഴിപോക്കനേയും കടിച്ച തെരുവ് നായയെ പോലീസുകാര്‍ തല്ലിക്കൊന്നു

single-img
22 September 2015

stray dogs in cubbon park_0_0_0_0

എസ്.ഐയേയും വഴിപോക്കനേയും കടിച്ച തെരുവ് നായയെ പോലീസുകാര്‍ തല്ലിക്കൊന്നു. ചെങ്ങന്നൂര്‍ ട്രാഫിക്ക് സ്റ്റേഷനിലെ അഡീഷണല്‍ എസ്‌ഐ: ജോസഫ് (54), പുലിക്കുന്ന് സ്വദേശി ഷാജി (42) എന്നിവരെയാണ് തെരുവ്‌നായ ആക്രമിച്ചത്. ഇന്നലെ രാവിലെ പത്ത് മണിയോടെ സ്റ്റേഷന്‍ വളപ്പില്‍ നില്‍ക്കുകയായിരുന്ന ഷാജിക്ക് നേരെ നായ് കുരച്ച് എത്തുകയും കൈയ്ക്കും കാലിനും കടിക്കുകയുമായിരുന്നു.

നായ ഷാജിയെ ആക്രമിക്കുന്നത് കണ്ട എസ്.ഐ ജോസഫ് ഓടിയെത്തി ഷാജിയെ രക്ഷഇക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് കൈയില്‍ കടിയേറ്റത്. മറ്റ് പോലീസ് ഉദ്യോഗസ്ഥരെത്തി നായയെ ഓടിക്കാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ക്കുനേരെയും നായ ആക്രമണം നടത്തുകയായിരുന്നു.

ഉടന്‍ സ്‌ട്രൈക്കിംഗ് ഫോഴ്‌സിലെ ഉദ്യോഗസ്ഥരെത്തി നായയെ തല്ലിക്കൊന്നു. നായ പോലീസ് സ്‌റ്റേഷനില്‍ എത്തുന്നതിന് മുമ്പ് ഗവ.ആശുപത്രി ജംഗ്ഷന് സമീപം രണ്ട് പേരെയും നിരവധി നായ്ക്കളെയും കടിച്ചുവെന്നും നായ്ക്ക് പേവിഷബാധയുള്ളതായി സംശയിക്കുന്നുവെന്നും പോലീസ് പറഞ്ഞു.

നായയുടെ ആക്രമണത്തില്‍ കാലിന് ഗുരുതരമായി കടിയേറ്റ ഷാജിയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജോസഫ് ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. ചെങ്ങന്നൂര്‍ നഗരത്തില്‍ കഴിഞ്ഞ ദിവസം നഗരത്തില്‍ മൂന്ന് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു.