മഹാരാഷ്ട്രയിലെ ബുല്‍ധാന്‍ ജില്ലയില്‍ സ്ഥിതിചെയ്യുന്ന, പുരാണങ്ങളില്‍ പോലും പ്രതിപാദിക്കുന്ന ലോണാര്‍ തടാകം ഇന്നും ശാസ്ത്രലോകത്തിന് ഒരു അത്ഭുതമായി നിലകൊള്ളുന്നു

single-img
22 September 2015

lonar-lake-wallpaper

യാത്രകളെല്ലാം തന്നെ കൗതുകകരമാണ്. ചിലത് സാഹസികത നിറഞ്ഞവ, മറ്റു ചിലത് അപ്രതീക്ഷിതമായ വിസ്മയ കാഴ്ചകള്‍ ഒരുക്കിവെക്കുന്നവ. ചില കാഴ്ചകള്‍ നമ്മെ വീണ്ടും വീണ്ടും അവിടേക്ക് യാത്ര ചെയ്യാന്‍ കൊതിപ്പിക്കുന്നവയും ചെയ്യുന്നു. കൂടാതെ മറ്റു ചിലത് വിഞ്ജാനപ്രദമായ പഠന യാത്രകളാവാറുണ്ട്. .ഇവയെല്ലാം ഒന്നിച്ചുചേരുന്ന ഒരു യാത്രാനുഭവമാണ് മഹാരാഷ്ട്രയിലെ ബുല്‍ധാന്‍ ജില്ലയിലെ ലോണാര്‍ ക്രേറ്റര്‍ തടാകം നമുക്ക് സമ്മാനിക്കുന്നത്.

ചരിത്രാന്വേഷികള്‍ക്കും ജിയോളജിസ്റ്റുകള്‍ക്കും ഭൗമ ശാസ്ത്ര ഗവേഷകര്‍ക്കും അലസ യാത്രികര്‍ക്കും ഒരേ പോലെ വിസ്മയകരമായ ഒരു അപൂര്‍വ്വ ഭൗമ പ്രതിഭാസമാണിത്. അമ്പതിനായിരത്തിലധികം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉല്‍ക്കാപതനം ഉണ്ടായെന്ന് ശാസ്ത്ര ലോകം കണക്കുക്കൂട്ടുന്ന പ്രദേശമാണ് മഹാരാഷ്ട്രയിലെ ലോണാര്‍.
മഹാരാഷ്ട്രയുടെ സാംസ്‌കാരിക തലസ്ഥാനമായാണ് ഔറംഗാബാദ് അറിയപ്പെടുന്നത്. മുംബൈയില്‍ നിന്നും ഏകദേശം ഏഴ് മണിക്കൂര്‍ യാത്രയുണ്ട് ഇവിടേക്ക്. ഔറംഗാബാദിനടുത്താണ് ലോകത്തെതന്നെ ഏറ്റവും വലിയ ഭൗമ പ്രതിഭാസമായി അറിയപ്പെടുന്ന ലോണാര്‍ ക്രേറ്റര്‍ തടാകം. മഹാരാഷ്ട്രയിലെ ബുല്‍ധാന്‍ ജില്ലയിലെ ലോണാര്‍ എന്ന സ്ഥലത്താണ് തടാകം സ്ഥിതി ചെയ്യുന്നത്. ഔറംഗാബാദില്‍ നിന്നും ലോണാറിലേക്ക് ഏകദേശം 160 കി മീ ദൂരമുണ്ട്. പ്രശ്‌സ്തമായ അജന്ത ഗുഹാ സമുച്ചയത്തില്‍ നിന്നും ഇവിടേക്ക് അത്രത്തോളം തന്നെ ദൂരമുണ്ട്.

ലോണാര്‍ തടാകം അഗ്‌നിപര്‍വതമുഖമാണെന്ന് നേരത്തെ വാദങ്ങളുണ്ടായിരുന്നു. എന്നാല്‍ തടാകത്തില്‍ അപൂര്‍വയിനം ബാക്ടീരിയകളെ കണ്ടെത്തിയതായി 2011ലെ ചില പഠനങ്ങള്‍ തെളിയിച്ചിരുന്നു. 2004ല്‍ ചൊവ്വ ഗ്രഹ പര്യവേഷത്തില്‍ കണ്ടെത്തിയ ബാസിലസ് ഓഡീസി ഉള്‍പ്പെടെ 31 തരത്തിലുള്ള ബാക്ടീരിയകളെയാണു തടാകത്തിലെ ജലത്തില്‍ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ഈ ഇനത്തില്‍പ്പെട്ട ബാക്ടീരിയകള്‍ ഭൂമിയില്‍ ഇല്ലാത്തതിനാല്‍ ലോണാര്‍ തടാകം ചൊവ്വാ ഗ്രഹത്തില്‍ നിന്നുള്ള ഉള്‍ക്കാവര്‍ഷത്തില്‍ രൂപപ്പെട്ടതിന് തെളിവാണെന്നും അവര്‍ പറഞ്ഞിരുന്നു. വിശേഷ സാഹചര്യങ്ങളെപ്പോലും അതിജീവിക്കാന്‍ കഴിവുള്ളവയാണിവ. കൂടാതെ തടാകത്തില്‍ അപൂര്‍വ്വമായ ചില നൈട്രജന്‍ മൈക്രോ ജീവികളും നിലനില്‍ക്കുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

50000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അതി വേഗത്തില്‍ (ഹൈപര്‍ വെലോസിറ്റി) ഭൂമിയുടെ ഉപരിതലത്തിലേക്ക് പതിച്ച ഉല്‍ക്കയുടെ പ്രഭാവമാണ് ലോണാര്‍ ക്രേറ്റര്‍ തടാകത്തിന് കാരണമായത് എന്നാണ് വിശ്വസിക്കുന്നത്. ബസാള്‍ട്ട് ഇനത്തില്‍പ്പെടുന്ന പാറയില്‍ സൃഷ്ടിക്കപ്പെട്ട ഉല്‍ക്കാ പതനം മൂലമുണ്ടായ ലോകത്തിലെ തന്നെ ഏക ക്രേറ്റര്‍ ഉപ്പ് തടാകമാണ് ഇത്. അഗ്‌നിപര്‍വത സ്‌ഫോടനത്തിന്റെ ഫലമായും ആണവ പരീക്ഷണങ്ങളുടെയും സ്‌ഫോടനങ്ങളുടെയും ഫലമായും ക്രേറ്റര്‍ തടാകങ്ങള്‍ രൂപമെടുക്കാറുണ്ട്. എന്നാല്‍ ഏറ്റവും പുതിയ പഠനങ്ങള്‍ ലോണാര്‍ തടാകത്തിന് ഏകദേശം 6ലക്ഷം വര്‍ഷത്തെ പ്രായം കണക്കുക്കൂട്ടുന്നു. ഉപ്പുരസവും ക്ഷാരഗുണവും ഉള്ളതാണ് തടാകത്തിലെ ജലം (പി എച്ച് മൂല്യം പതിനൊന്ന്). പായല്‍ നിറഞ്ഞതുപോലെ പച്ച നിറമാണ് ജലത്തിന്. കോരിയെടുത്ത് രുചിച്ചാല്‍ അരോചകമായ ഒരു സ്വാദാണ് അനുഭവപ്പെടുക. ഏകദേശം 1.20 കി മീ വ്യാസം വരും തടാകത്തിന്. 500 അടിയോളം താഴ്ചയും . പൂര്‍ണ്ണ വൃത്താകൃതിയില്‍ അല്ല ഇതിന്റെ രൂപം. കിഴക്ക് ദിശയില്‍ നിന്നും ഏകദേശം 40 ഡിഗ്രി ചെരിഞ്ഞാണ് ഉല്‍ക്ക വീണത് എന്നാണ് ശാസ്ത്രക്ഞ്ഞര്‍ അനുമാനിക്കുന്നത്. തടാകത്തിന് ചുറ്റും കൊടുംകാടാണ്.

തടാകം സ്ഥിതിചെയ്യുന്ന ബുല്‍ധാന ഏറെ നാള്‍ അശോക ചക്രവര്‍ത്തിയുടെ ഭരണത്തിലായിരുന്നു. ശതവാഹനരും ചാലൂക്യരും മുഗളരും യാദവരും നിസാമും ബ്രിട്ടീഷുകാരും പിന്നീട് വിവിധ കാലയളവുകളില്‍ പ്രദേശം ഭരിച്ചു. യാദവ ഭരണക്കാലത്ത് പണിത നിരവധി ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങള്‍ പ്രദേശത്ത് കാണാം. ചാലൂക്യഭരണക്കാലത്തെ നിര്‍മ്മിച്ചതെന്ന് കരുതുന്ന ദൈത്യ സുധന്‍ ക്ഷേത്രം ഈ പ്രദേശത്തെ പ്രധാനപ്പെട്ട ക്ഷേത്രമാണ്.

സ്‌കന്ധ പുരാണത്തിലും പത്മ പുരാണത്തിലും ലോണാര്‍ തടാകത്തിനെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. മുഗള്‍ ഗ്രന്ഥമായ അയിനി അക്ബാരിയില്‍ തടാകത്തെക്കുറിച്ച് വിവരിച്ചിരിക്കുന്നു. ഗ്ലാസ് നിര്‍മ്മാണത്തിനും സോഡാ നിര്‍മ്മാണത്തിനും ആവശ്യമായ എല്ലാം ഈ കാടുകളില്‍ ഉണ്ടെന്നും തടാകത്തില്‍ നിന്നും സാള്‍ട്ട് പീറ്റര്‍ വറ്റിച്ചെടുക്കുന്നത് പ്രദേശത്തുകാര്‍ക്ക് നല്ല വരുമാന മാര്‍ഗ്ഗമാണെന്നും അയിനി അക്ബാരിയില്‍ വിവരിക്കുന്നുണ്ട്.

രാജസ്ഥാനിലെ പ്രസിദ്ധമായ സാംഭാര്‍ ഉപ്പ് തടാകവുമായി താരതമ്യം ചെയ്യുമ്പോള്‍ ലോണാര്‍ തടാകത്തിലെ ജലം കാര്‍ബണേറ്റഡ് ആണ്. സാംഭാര്‍ തടാകത്തിലെ ജലത്തില്‍ പ്രധാനമായും അടങ്ങിയിരിക്കുന്നത് സോഡിയം ക്ലോറൈഡ് ആണ്. അടിത്തട്ടിലുള്ള സോഡിയം ക്ലോറൈഡിന്റെ ഈ നിക്ഷേപമാണ് സാംഭാര്‍ തടാകത്തിന് ഉപ്പ് രസം നല്‍കുന്നത്. എന്നാല്‍ ലോണാര്‍ തടാകത്തില്‍ ഇത്തരത്തില്‍ ഒരു നിക്ഷേപം ഇല്ല. പിന്നെങ്ങിനെ തടാകത്തിലെ ജലം സോഡാ ഗുണം നിലനിര്‍ത്തുന്നു എന്നത് ഇന്നും ശാസ്ത്രലോകത്തിന് ആശ്ചര്യകരമാണ്. ഉപ്പ്, സോഡാ കാര്‍ബണേറ്റുകള്‍ , ബേക്കിംഗ് സോഡ തുടങ്ങി നിരവധി രാസപദാര്‍ത്ഥങ്ങള്‍ തടാകത്തില്‍ നിന്നും സംഭരിക്കപ്പെടുന്നുണ്ട്.

ഏറെ കൗതുകകരമായ കാര്യം തടാകത്തില്‍ മല്‍സ്യങ്ങള്‍ ഇല്ല എന്നതാണ്. മോണിറ്റര്‍ ലിസാര്‍ഡ് എന്നറിയപ്പെടുന്ന ഒരിനം ചെറിയ പല്ലികള്‍ തടാകത്തില്‍ വ്യാപകമായി കണ്ടുവരുന്നു. ലോണാര്‍ തടാകത്തിന് ചുറ്റുമുള്ള കൃഷിയിടങ്ങളില്‍ ഉപയോഗിക്കപ്പെടുന്ന കീടനാശിനികളും സമീപത്തെ വര്‍ദ്ധിച്ച തോതിലുള്ള വനനശീകരണ പ്രവൃത്തികളും മറ്റും തടാകത്തിലെ ജലത്തെ വലിയതോതില്‍ മലിനപ്പെടുത്തുന്നുണ്ട്. തടാക തീരത്തെ അലക്കും കുളിയും കാലികളെ കഴുകലും വന്‍തോതില്‍ സോപ്പിന്റെയും ഡിറ്റര്‍ജന്റുകളുടെ അവശേഷങ്ങള്‍ തടാകത്തിലെ ജലത്തില്‍ നിക്ഷേപിക്കുന്നതിന് കാരണമാകുന്നു.

ലോണാര്‍ തടാകത്തെക്കുറിച്ച് ശാസ്ത്രലോകത്ത് നിരവധി നിഗമനങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഇന്നും ദുരൂഹമായി തുടരുകയാണ്. ലോക പ്രസിദ്ധ വിനോദ സഞ്ചാര കേന്ദ്രങ്ങളായ അജന്തയും എല്ലോറയും ഔറംഗാബാദിലെ ബീബീ കാ മക്ബറയും ലോണാര്‍ ക്രേറ്റര്‍ തടാകത്തിന്റെ സമീപ പ്രദേശങ്ങളിലായതിനാല്‍ ഇവിടെ സഞ്ചാരികളുടെ എണ്ണം തീരെ കുറവാണ്. ഇന്ത്യക്കാര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ഒരത്ഭുതം ആകുന്നു ലോണാര്‍ തടാകം.