മീനും മുട്ടയും നിരോധിക്കാതെ ഇറച്ചി മാത്രം നിരോധിച്ചാല്‍ എങ്ങനെ അഹിംസയാകുമെന്ന് മഹാരാഷ്ട്ര സര്‍ക്കാരിനോട് കോടതി; കടലില്‍ നിന്നും പിടിക്കുമ്പോള്‍ തന്നെ മീന്‍ ചാകുന്നതിനാല്‍ കശാപ്പ് നടക്കുന്നില്ലെന്ന് സര്‍ക്കാരിന്റെ മറുപടി

single-img
11 September 2015

A butcher cuts meat for a customer inside his shop in Mumbai, India, September 8, 2015. REUTERS/Shailesh Andrade

മുംബൈ നഗരത്തില്‍ എട്ട് ദിവസത്തേക്ക് നിരോധനമേര്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്ത് മട്ടണ്‍ വ്യാപാരികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇറച്ചി നിരോധനത്തെ ചോദ്യം ചെയ്ത് കോടതി. മീനും മുട്ടയും നിരോധിക്കാതെ എങ്ങനെയാണ് അഹിംസയെ കുറിച്ച് പറയുന്നതെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചതിന് ഉത്തരമായി മത്സ്യം വെള്ളത്തില്‍ നിന്നും പുറത്തെടുക്കുന്നതോടെ ചാകുന്നതിനാല്‍ കശാപ്പ് നടക്കുന്നില്ലെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി.

നിരോധനം എന്തുകൊണ്ട് മാട്ടിറച്ചി, ചിക്കന്‍, മട്ടണ്‍ എന്നിവയില്‍മാത്രം ഒതുങ്ങിയെന്ന് കോടതി ചോദിച്ചതിനാണ് വിചിത്രമായ ഈ മറുപടി ലഭിച്ചത്. ഇറച്ചിക്കൊപ്പം എന്തുകൊണ്ട് മത്സ്യവും മറ്റു കടല്‍ വിഭവങ്ങളും മുട്ടയും നിരോധിക്കുന്നില്ലെന്നും ജഡ്ജി ചോദിച്ചു. കടലില്‍ നിന്നും പുറത്തെടുക്കുമ്പോഴേക്കും മത്സ്യങ്ങള്‍ ചാകാറുള്ളതിനാല്‍ മീനിനെ കശാപുചെയ്യാറില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ അഭിഭാഷകന്‍ അനില്‍ സിങ്ങ് മറുപടി നല്‍കി.

പ്രത്യേക വിഭാഗത്തിന്റെ മതവികാരങ്ങളെ മാനിക്കണമെന്ന് സുപ്രീം കോടതി ഉത്തരവുണ്ടെന്നും മുംബൈയില്‍ ജൈനര്‍ കുറവാണോ എന്നത് കാര്യമാക്കുന്നില്ലെന്നും സര്‍ക്കാര്‍ പറഞ്ഞു. ഉപജീവനം തേടാനുള്ള അവകാശത്തെ ലംഘിക്കുന്നതാണ് സര്‍ക്കാര്‍ തീരുമാനമെന്ന് ചൂണ്ടിക്കാട്ടി മട്ടണ്‍ വ്യാപാരികളാണ് കോടതിയെ സമീപിച്ചത്. മുംബൈ ഒരു ആധുനിക നഗരമാണെന്നും എട്ട് ദിവസത്തേക്ക് ബീഫ് നിരോധിക്കുന്നത് എങ്ങനെ ഒരു പോംവഴിയാകുന്നുവെന്നും കോടതി ഇകഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.