ഇന്ത്യൻ കോർപ്പറേറ്റ് മേഖലയിലെ രാജതന്ത്രങ്ങൾ

single-img
8 September 2015

subservice-7ബിസിനസ്സ് രംഗത്തെ കുതികാൽവെട്ടുകളും കള്ളപ്രചാരണങ്ങളുമെല്ലാം ഇന്നും സുലഭമായി സംഭവിച്ചുകൊണ്ടിരിക്കുന്നു. മറ്റുള്ളവരെ താഴ്ത്തി കാട്ടുന്നതുവഴി തങ്ങളുടെ പെരുമ വർദ്ധിപ്പിക്കുകയെന്നത് രാജവാഴ്ച്ചകാലം മുതൽക്കെ തുടർന്നുവരുന്ന തന്ത്രങ്ങളിലൊന്നാണ്. പുതിയ രീതികളിൽ പ്രത്യേകിച്ചും വാണിജ്യമേഖലകളിൽ ഇന്നും ഇത് തുടരുന്നു.

magg3_2429047fകഴിഞ്ഞ കുറച്ച് മാസങ്ങൾക്ക് മുൻപ് നിരോധിക്കപ്പെട്ട മാഗ്ഗി നൂഡിൽസ് സംഭവം നമ്മെ ചില സംശയങ്ങളിലേക്ക് നയിക്കുന്നതാണ്. നൂഡിൽസ് ഭക്ഷണങ്ങൾ ഇന്ത്യയിൽ ഏറെ ജനപ്രിയമാക്കി മാറ്റിയവരാണ് നെസ്റ്റ്ലെ മാഗ്ഗി. അവരുടെ വളർച്ച വളരെ പെട്ടെന്ന് തന്നെയായിരുന്നു. പിന്നീട് നിരവധി കമ്പനികൾ ന്യൂഡിൽസ് ഉത്പന്നങ്ങൾ വിപണിയിലെത്തിച്ചെങ്കിലും മാഗ്ഗി തന്നെയായിരുന്നു വിപണി കൈയ്യടക്കിവെച്ചിരുന്നത്. മാഗ്ഗിയുടെ വിപണനസാന്നിദ്ധ്യം ഇല്ലാതാക്കാനായി മറ്റു ചില ന്യൂഡിൽസ് നിർമ്മാതാക്കൾ മെനെഞ്ഞെടുത്ത തന്ത്രഫലമായിട്ടാവാം മാഗ്ഗി നിരോധനം എന്ന സന്ദേഹം ഇവിടെ നിലനിൽക്കുന്നു.

Aw5GWiICMAAK4eF (1)അനുവദിക്കപെട്ടിട്ടുള്ളതിലും കൂടുതൽ അളവിൽ ലെഡിന്റെ അംശമുണ്ട് എന്ന കുറ്റത്താലാണ് മാഗ്ഗി നിരോധിച്ചത്. എന്നാൽ ഇന്ത്യൻ നിർമ്മിതമായ മാഗ്ഗിയുടെ കുറേയേറെ സാമ്പിളുകൾ അമേരികൻ ഭക്ഷ്യസുരക്ഷ ഏജൻസി (യു.എസ്.എഫ്.ഡി.എ.) പരിശോധിച്ചിരുന്നു. മാഗ്ഗിയിൽ അനുമതി നൽകിയിട്ടുള്ള അളവിൽ മാത്രമാണ് ലെഡിന്റെ അംശം ഉള്ളതെന്നും അത് മനുഷ്യന് ഹാനീകരമല്ലെന്നുമായിരുന്നു അവരുടെ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. ഇത് സംബന്ധിച്ച വിശദവാർത്തകൾ ചില ദേശീയ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

ramdevമാഗ്ഗി നിരോധിച്ച് ദിവസങ്ങൾക്കകം പുതിയ ന്യൂഡിൽസുമായി ബാബ രാംദേവ് രംഗത്ത് വന്നിരുന്നു. ദൂഷ്യവശങ്ങളൊന്നുമില്ലാത്ത ആട്ടാ ന്യൂഡിൽസ് എന്ന പേരിൽ മാധ്യമങ്ങളിൽ നന്നായി തിളങ്ങുകയും ചെയ്തിരുന്നു. മാഗ്ഗിയുടെ നിറം മങ്ങിയ വേളയിൽ ബാബയുടെ നൂഡിൽസ് ശ്രദ്ധനേടി എന്നു വേണമെങ്കിൽ പറയാം. തുടർന്ന് റിലയൻസ് ഗ്രൂപ്പും അവരുടെ നൂഡിൽസുമായി രംഗപ്രവേശനം നടത്തിയിരുന്നു. ഇതിനോട് ചുവടുപിടിച്ച് മാധ്യമങ്ങളും തകൃതിയായി വാർത്തകൾ നൽകി. രാഷ്ട്രീയ ഇടപെടലുകൾകൂടി വന്നപ്പോൾ ആരൊക്കയോ കണക്ക് കൂട്ടിയത് പോലെ സംഭവിച്ചു. ഇതെല്ലാം സംശയമുളവാക്കുന്നത് കുടിലമായ കോർപ്പറേറ്റ് വിപണനതന്ത്രങ്ങളെയാണ്.

Xiaomi-Mi-4-vs-Samsung-Galaxy-S5-TIഅടുത്തിടെ വിപണിയിലെത്തിയ ചൈനീസ് സ്മാർട്ട്ഫോൺ കമ്പനിയായ ഷവോമിയെ കുറിച്ചും മോശപ്രചാരണമുണ്ടായിരുന്നു. ഷവോമി ഫോണുകൾ ഉപഭോക്താക്കളുടെ സ്വകാര്യവിവരങ്ങൾ സൂക്ഷിക്കുന്നതിൽ പര്യാപ്തമല്ല എന്നതായിരുന്നു വാർത്തകൾ. എന്നാൽ ഇതരത്തിലുള്ള പ്രചാരണങ്ങളെയെല്ലാം മറികടന്നുകൊണ്ട് ഷവോമി വിപണിയിൽ സജീവമായി വിൽപ്പന തുടരുകയാണ്. മാധ്യമങ്ങളേയും ഉദ്യോഗസ്ഥരേയും രാഷ്ട്രീയ ഭരണ നേതൃത്വത്തേയും കൂട്ടുപിടിച്ച് ഒരേ ഉത്പന്നങ്ങൾ ഇറക്കുന്ന വിപണിയിലെ മറ്റു കമ്പനികളെ നിഷ്ഭ്രമമാക്കാനുള്ള ചില കോർപ്പറേറ്റുകളുടെ ചടുലൻ നീക്കങ്ങളാണ് ഇതിലൂടെയെല്ലാം വ്യക്തമാകുന്നത്.

കേരളത്തിലെ സ്ഥിതിഗതികളും മേൽപറഞ്ഞതിൽ നിന്നും വ്യത്യസ്തമല്ല. പുതുതായി നിരത്തിലെത്തിക്കുന്ന വാഹനങ്ങളുടെ വിൽപ്പനവർദ്ധനവിനായി ഇത്തരം വാണിജ്യമാർഗ്ഗങ്ങൾ പല കമ്പനികൾ പ്രത്യേകിച്ചും അവരുടെ ഡീലർമാർ കൈകൊള്ളുന്നുണ്ട്. മാധ്യമങ്ങളേയും സർക്കാർ ഉദ്യോഗസ്ഥരേയും രാഷ്ട്രീയനേതൃത്തങ്ങളേയും എല്ലാം ഒത്തുചേർത്തുകൊണ്ട് നടത്തുന്ന ഇത്തരം വാണിജ്യനീക്കങ്ങൾ അവസാനിപ്പിക്കേണ്ടതുണ്ട്. മറിച്ച് ഉത്പന്നങ്ങളുടെ ഗുണനിലവാരം വർദ്ധിപ്പിക്കുകയാണ് വേണ്ടത്. മികച്ച ഗുണനിലവാരത്തിൽ ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുകയാണെങ്കിൽ ഉപഭോഗം ഏറുകയും വിപണിയിൽ ശോഭനമായി തുടരാവുന്നതുമാണ്. നിർമ്മാണക്കാരിൽ നിന്നും ഉണ്ടാവേണ്ടതും ഇത്തരം നിലപാടുകളായിരിക്കണം.