വികസന രംഗത്ത് മാധ്യമങ്ങള്‍ വഴികാട്ടികളാകണം

single-img
21 August 2015

unnamedസമൂഹത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഉതകുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതില്‍ രാഷ്ട്രീയ നേതൃത്വത്തിന് വഴികാട്ടികളാകണം മാധ്യമങ്ങളെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശ്രീ. ജേക്കബ് ജോര്‍ജ്ജ് അഭിപ്രായപ്പെട്ടു. പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്കായിതിരുവനന്തപുരം പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ സംഘടിപ്പിച്ച ഏകദിന ശില്‍പ്പശാല കൊട്ടാരക്കരയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അത്തരത്തില്‍ വഴികാട്ടികളായാല്‍ മാത്രമേ നാടിന്റെ വളര്‍ച്ച ഉറപ്പുവരുത്താന്‍ കഴിയൂ എന്ന് ശ്രീ. ജേക്കബ് ജോര്‍ജ്ജ് ചൂണ്ടിക്കാട്ടി.

 

തൊട്ട് അയല്‍പക്കത്തെ നല്ല വാര്‍ത്തകള്‍ കണ്ടുപിടിക്കുകയും അവയെ നല്ല ഭാഷയില്‍ അവതരിപ്പിക്കുകയും ചെയ്യുക വഴി പ്രാദേശിക സംഭവങ്ങളെ ലോകശ്രദ്ധയുള്ള കാര്യങ്ങളാക്കി മാറ്റാന്‍ കഴിയുന്നിടത്താണ് പ്രാദേശിക പത്രപ്രവര്‍ത്തനത്തിന്റെ വെല്ലുവിളിയെന്ന് അദ്ദേഹം പറഞ്ഞു. നിസ്സാരമെന്ന് തോന്നുന്ന സംഭവങ്ങള്‍ മുഖ്യധാരയില്‍ കൊണ്ടുവരുന്നതില്‍ പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്ക് വലിയ പങ്കാണ് വഹിക്കാനുള്ളതെന്ന് ശ്രീ. ജേക്കബ് ജോര്‍ജ്ജ് പറഞ്ഞു. വ്യത്യസ്തമായ കാഴ്ചപ്പാടോടെ വാര്‍ത്തകളെ സമീപിക്കാന്‍ പ്രാദേശിക ലേഖകര്‍ക്ക് കഴിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

കേന്ദ്ര ഗവണ്‍മെന്റിന്റെ നയങ്ങളും നയപരിപാടികളും പ്രത്യേകിച്ച് നൂതന സംരംഭങ്ങള്‍ സംബന്ധിച്ച് സാധാരണക്കാരില്‍ അവബോധം സൃഷ്ടിക്കുന്നതിന് പ്രാദേശിക മാധ്യമങ്ങള്‍ക്ക് നിര്‍ണ്ണായകമായ പങ്കുണ്ടെന്ന് ചടങ്ങില്‍ സംബന്ധിച്ച പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ തിരുവനന്തപുരം അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ശ്രീ.കെ.എം.രവീന്ദ്രന്‍ ചൂണ്ടിക്കാട്ടി.

 

നവമാധ്യമങ്ങളിലെ വാണിജ്യ സാധ്യതകള്‍ തിരിച്ചറിയണമെന്ന് ‘നവമാധ്യമങ്ങളും പ്രാദേശിക മാധ്യമപ്രവര്‍ത്തനവും’ എന്ന വിഷയത്തില്‍ സംസാരിച്ച ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനും തീരദേശ വികസന കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടറുമായ ഡോ.കെ.അമ്പാടി പറഞ്ഞു. സാങ്കേതികമായി നവമാധ്യമങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ സാധ്യതകളായി മാറ്റാന്‍ പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. നവമാധ്യമങ്ങളിലൂടെ ലഭിക്കുന്ന അറിവുകള്‍ ഉപയോഗിച്ച് പ്രാദേശിക വാര്‍ത്തകളെ സമ്പുഷ്ടമാക്കാന്‍ ശ്രമം നടത്തണം. നവമാധ്യമങ്ങളുടെ സാധ്യതകള്‍ ഉപയോഗിച്ച് സ്വന്തമായൊരു ബ്രാന്‍ഡ് വികസനിപ്പിച്ചെടുക്കാന്‍ പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് കഴിയണമെന്നും ഡോ. അമ്പാടി പറഞ്ഞു.

 

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള കുറ്റകൃത്യങ്ങളുടെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ നിയമങ്ങളെക്കുറിച്ചും നിയമപരിരക്ഷയെക്കുറിച്ചുമുള്ള പ്രാഥമിക അറിവ് ലേഖകര്‍ക്ക് ഉണ്ടായിരിക്കണമെന്ന് ശില്‍പ്പശാലയെ അഭിസംബോധന ചെയ്ത അടൂര്‍ ഡി.വൈ.എസ്.പി ശ്രീ. എ. നസീം പറഞ്ഞു. ലൈംഗിക അതിക്രമത്തിനിരയായ സ്ത്രീകളെയും കുട്ടികളെയും തിരിച്ചറിയുന്ന വിധത്തിലുള്ള യാതൊരു സൂചനകളും പ്രസിദ്ധീകരിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കുറ്റകൃത്യത്തിലുള്‍പ്പെടുന്ന 16 വയസ്സിന് താഴെയുള്ള കുട്ടികളെ പ്രതിയെന്നോ കുട്ടിക്കുറ്റവാളിയെന്നോ വിശേഷിപ്പിക്കുന്നത് കുറ്റകരമാണെന്നും ശ്രീ. നസീം വ്യക്തമാക്കി. അടിസ്ഥാന നിയമങ്ങളെക്കുറിച്ചും പൗരാവകാശങ്ങളെക്കുറിച്ചും പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് വേണ്ടത്ര അറിവുണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

സാമ്പത്തിക രംഗത്തുണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ പോലും ജനജീവിതത്തില്‍ പ്രതിഫലിക്കുമെന്ന് ശില്‍പ്പശാലയില്‍ സംസാരിച്ച കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് (കിക്മ) അഡീഷണല്‍ ഡയറക്ടര്‍ ഡോ. ബി. രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. ഇത്തരം മാറ്റങ്ങള്‍ സൂക്ഷ്മമായി കണ്ടെത്താന്‍ പ്രാദേശിക ലേഖകര്‍ക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.

 

മുഖ്യധാരാ പത്രപ്രവര്‍ത്തകരെ അനുകരിക്കാതെ ഗ്രാമീണ ജീവിതം യഥാര്‍ത്ഥമായി പ്രതിഫലിപ്പിക്കുന്ന വാര്‍ത്തകള്‍ കണ്ടെത്തുക എന്നതാണ് ഇന്നത്തെ കാലഘട്ടത്തില്‍ പ്രാദേശിക ലേഖകരുടെ പ്രധാന കടമയെന്ന് ശില്‍പ്പശാലയെ അഭിസംബോധന ചെയ്ത മാതൃഭൂമി തിരുവനന്തപുരം ബ്യൂറോയിലെ ചീഫ് റിപ്പോര്‍ട്ടര്‍ ശ്രീ. എസ്.എന്‍. ജയപ്രകാശ് അഭിപ്രായപ്പെട്ടു.

 

തിരുവനന്തപുരം പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീ.എന്‍. ദേവന്‍ സ്വാഗതവും, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് ശ്രീ. അബ്ദു മനാഫ് നന്ദിയും രേഖപ്പെടുത്തി. കൊട്ടാരക്കര, കൊല്ലം, കടയ്ക്കല്‍, അഞ്ചല്‍, പത്തനാപുരം, ചടയമംഗലം, ശാസ്താംകോട്ട എന്നിവിടങ്ങളില്‍ നിന്നുള്ളഅമ്പതോളം പത്ര, ദൃശ്യ മാധ്യമ പ്രാദേശിക ലേഖകര്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തു.