ദോഹയിലെ മലയാളി കൂട്ടായ്മയ്ക്ക് നെല്‍കൃഷിയിലൂടെ പൊന്ന് വിളിയിക്കാന്‍ തന്റെ ഭൂമിയും വെള്ളവും സൗജന്യമായി നല്‍കിയ ഖത്തര്‍ സ്വദേശിയെ കേരളം ആദരിച്ചു

single-img
19 August 2015

paddy-cultivation-doha

മരുഭൂമിയെ പച്ചപ്പണിയിച്ച മുഹമ്മദ് അല്‍ദോസരിക്ക് കേരളത്തിന്റെ ആദരം. കേരള കൃഷിവകുപ്പ കര്‍ഷകദിനത്തിന് നാളെ കണ്ണൂരില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് ഖത്തര്‍ സ്വദേശിയായ മുഹമ്മദ് അല്‍ദോസരിയെ ആദരിച്ചത്. ഖത്തറില്‍ നെല്‍കൃഷി സാധ്യമാക്കുന്നതിനു നല്‍കിയ സഹായങ്ങള്‍ പരിഗണിച്ചാണ് ആദരം.

സംസ്ഥാന കൃഷിവകുപ്പു മുന്‍കൈയെടുത്താണ് മുഹമ്മദ് അല്‍ദോസരിയെ ആദരിച്ചത്. മുഹമ്മദ് അല്‍ദോസരിയുടെ ഉടമസ്ഥതയില്‍ അല്‍ ഷഹാനിയായില്‍ 200 ഏക്കര്‍ വിസ്തൃതിയില്‍ പ്രവര്‍ത്തിക്കുന്ന അല്‍ദോസരി പാര്‍ക്കിലെ 70 സെന്റ് സ്ഥലത്തു തയാറാക്കിയ ആറു കണ്ടങ്ങളിലാണ് നെല്‍കൃഷി പൊന്നണിഞ്ഞത്. ദോഹ അടുക്കളത്തോട്ടം എന്ന മലയാളി ഫെയ്‌സ്ബുക്ക് കൂട്ടായ്മയാണ് മരുഭൂമിയില്‍ നെല്ല് വിജയകരമായി കൃഷിചെയ്തത് വിളവെടുത്തത്.

ദോഹ അടുക്കളത്തോട്ടത്തിന്റെ അഡ്മിനുകളും മലയാളി വീട്ടമ്മമാരുമായ അംബര പവിത്രന്‍, ജിഷ കൃഷ്ണന്‍, മീന ഫിലിപ്പ് എന്നിവരായിരുന്നു നെല്‍കൃഷിക്ക് പിന്നില്‍. ഇവര്‍ മൂവരേയും മുഹമ്മദ് അല്‍ദോസരിക്കൊപ്പം സംസ്ഥാന സര്‍ക്കാര്‍ ഉപഹാരവും പ്രശസ്തി പത്രവും നല്‍കി ആദരിച്ചു. അല്‍ദോസരി സൗജന്യമായി ഭൂമിയും വെള്ളവും ജൈവവളവും നല്‍കിയാണ് ദോഹയില്‍ നെല്‍കൃഷി വിളയിച്ചെടുക്കാന്‍ സഹായിച്ചത്.

കൂടാതെ അല്‍ദോസരി ദോഹയില്‍ ജൈവ പച്ചക്കറി കൃഷിക്ക് നല്‍കിയ പ്രോത്സാഹനവും സര്‍ക്കാര്‍ പരിഗണനയ്‌ക്കെടുത്തിരുന്നു. അല്‍ദോസരി മുമ്പ് ഇന്ത്യയില്‍ വന്നിട്ടുണ്ടായിരുന്നെങ്കിലും േകരളത്തില്‍ എത്തിയിരുന്നില്ല. കേരളത്തിലെ കാര്‍ഷിക മേഖലയെ അടുത്തറിയുക എന്ന ലക്ഷ്യം കൂടി അല്‍ദോസരിയുടെ ഈ വരവിന് പിന്നിലുണ്ടായിരുന്നു.