വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട രണ്ടു പേരുടെ ദയാഹര്‍ജി തള്ളാന്‍ രാഷ്ട്രപതിയോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

single-img
18 August 2015

Hanging-exectuion-deathpenalty-capitalpunishment-Pakistan_3-17-2015_178394_l

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട രണ്ടു പേരുടെ ദയാഹര്‍ജി കൂടി തള്ളാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഷ്ട്രപതി പ്രണബ് മുഖര്‍ജിയ്ക്കു നിയമോപദേശം നല്‍കി. മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റിയതിനു പിന്നാലെ വധശിക്ഷയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉയരുന്നതിനിടയിലാണ് സ്ത്രീകളെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട രണ്ടു പ്രതികള്‍ നല്‍കിയ ദയാഹര്‍ജികള്‍ തള്ളാന്‍ രാഷ്ട്രപതിക്ക് ഉപദേശം ലഭിച്ചത്.

മഹാരാഷ്ട്രയിലെ കൊല്‍ഹാപൂര്‍ ജില്ലയില്‍ 1999 ഡിസംബര്‍ 14ന് പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തി വധിച്ച മോഹന്‍ അണ്ണ ചവാന്റെയും 1994ല്‍ പുണെയില്‍ രണ്ട് കുട്ടികളും അഞ്ചു സ്ത്രീകളുമുള്‍പ്പെടെ ഏഴുപേരെ കൊലപ്പെടുത്തിയ ജിതേന്ദ്ര ഗേലോട്ടിന്റെയും ദയാഹര്‍ജികളാണ് തള്ളാന്‍ നിയമോപദേശം നല്‍കിയത്. ഇരുവരെയും വിചാരണ കോടതി വധശിക്ഷയ്ക്കു വിധിച്ചിട്ടുണ്ടായിരുന്നു.

ഇരുവരുടെയും വധശിക്ഷ ഹൈക്കോടതിയും സുപ്രീം കോടതിയും ശരിവച്ചതിനെ തുടര്‍ന്ന് മഹാരാഷ്ട്ര ഗവര്‍ണര്‍ക്കു ദയാഹര്‍ജി നല്‍കിയിരുന്നുവെങ്കിലും അതും തള്ളുകയായിരുന്നു. അതിനുശേഷമാണ് രാഷ്ട്രപതിക്ക് ദയാഹര്‍ജി സമര്‍പ്പിച്ചത്.

ജൂലൈ 30ന് തൂക്കിലേറ്റപ്പെട്ട മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്റേതുള്‍പ്പെടെ 22 ദയാഹര്‍ജികളാണ് പ്രണബ് മുഖര്‍ജി രാഷ്ട്രപതിയായശേഷം തള്ളിയത്. അസമിലെ ദിബ്രൂഗഡ് ജില്ലയില്‍ നിന്നുള്ള മാന്‍ ബഹദൂര്‍ ദിവാന്‍ എന്നയാളുടെ ദയാഹര്‍ജി രാഷ്ട്രപതി അംഗീകരിച്ചിട്ടുണ്ടായിരുന്നു.