കുത്തിയൊഴുകുന്ന വെള്ളത്തിന് മുകിലൂടെ മറുകര കടത്താന്‍ ശ്രമിച്ച കാര്‍ ഒഴുക്കില്‍പ്പെട്ടു; കാറിലെ യാത്രക്കാരെ സമീപവാസികളായ യുവാക്കള്‍ ജീവന്‍ പണയംവെച്ച് രക്ഷിച്ചു

single-img
10 August 2015

Car

കുത്തിയൊഴുകുന്ന ജലപ്രവാഹത്തിന് മുകളിലൂടെ മറുകര കടത്താന്‍ ശ്രമിച്ച കാറ് അപകടത്തില്‍പ്പെട്ടു. ഒഴുക്കില്‍പ്പെട്ട വാഹനം സമീപത്തെ കരിങ്കല്‍ക്കെട്ടില്‍ തടഞ്ഞു നിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

പേരാവൂര്‍ മണത്തണ ഓടംതോടിനു സമീപമുള്ള ബാവലിപ്പുഴയ്ക്ക് കുറുകെയുള്ള ചപ്പാത്തിലാണ് സംഭവം. കനത്തമഴമൂലം ചപ്പാത്തിന്റെ മുകളിലൂടെ ശക്തമായി ഒഴുകുന്ന വെള്ളം വകവെക്കാതെ മറുകരയിലേക്ക് ഓടിച്ചുകയറ്റാന്‍ ശ്രമിച്ച വാഹനമാണ് ഒഴുക്കിപ്പെട്ടത്. കാറിലെ യാത്രക്കാരായ തൊടുപുഴ സ്വദേശികളായ വെട്ടിക്കാട്ടില്‍ അനൂപ് ഫ്രാന്‍സിസ് (43), സഹോദരന്‍ വെട്ടിക്കാട്ടില്‍ വിനു ഫ്രാന്‍സിസ് (40) എന്നിവരെ മരണത്തിന്റെ വക്കില്‍ നിന്ന് സമീപവാസികളായ അഞ്ച് യുവാക്കള്‍ ചേര്‍ന്ന് സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു.

എടൂരില്‍ നിന്ന് ആറളംഫാം വഴി വന്ന കാറാണ് ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ഓടംതോട് ചപ്പാത്തില്‍ ഒഴുക്കില്‍പ്പെട്ടത്. അാറിലുണ്ടായിരുന്ന രണ്ടുപേര്‍ക്കും നീന്തല്‍ അറിയില്ലായിരുന്നു. യാത്രക്കാര്‍ക്ക് പരിചിതമല്ലാത്ത കവഴി കൂടിയായിരുന്നു ഇത്. വാഹനം ഒഴുക്കില്‍പ്പെടുന്നത് കണ്ട് ഓടിയെത്തിയ സമീപവാസികളായ വെട്ടിക്കുഴിയില്‍ അര്‍ജുന്‍ (21), ഞാമത്തോലില്‍ ജോബിഷ് (33), നടുവീട്ടില്‍ റോബിന്‍ (23), നടുവീട്ടില്‍ ജോബിന്‍ (20), കളപ്പുരയ്ക്കല്‍ മനു (24) എന്നിവരാണ് ഒഴുക്ക് വകവെക്കാതെ പുഴയില്‍ ചാടി ഇവരെ രക്ഷപ്പെടുത്തിയത്.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പേരാവൂരിലെ അഗ്‌നിരക്ഷാ സേനയും പോലീസും നാട്ടുകാരും ചേര്‍ന്ന് ജെ.സി.ബിയുടെ സഹായത്തോടെ മണിക്കൂറുകള്‍ പരിശ്രമിച്ച് കാര്‍ കരയിലെത്തിക്കുകയായതിരുന്നു.