സർക്കാർ ഭൂമിയിലെ കൈയേറ്റങ്ങൾക്ക് പട്ടയം നൽകാനുള്ള ഭൂനിയമ ഭേദഗതിയെ ചൊല്ലി കോൺഗ്രസിനുള്ളിൽ എതിർപ്പ് രൂക്ഷം; ഭേദഗതി കൈയേറ്റക്കാരെ സഹായിക്കാനാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി.സതീശൻ

single-img
4 August 2015

v-d-satheesan1മലയോര മേഖലയിൽ സർക്കാർ ഭൂമിയിലെ കൈയേറ്റങ്ങൾക്ക് പട്ടയം നൽകാനുള്ള ഭൂനിയമ ഭേദഗതിയെ ചൊല്ലി കോൺഗ്രസിൽ പ്രതിഷേധം ശക്തമാകുന്നു. ഇക്കാര്യം പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചചെയ്യാതെ നടപ്പാക്കിയതിലാണ് പാര്‍ട്ടി നേതൃത്വത്തിനും ഇടുക്കി ഡിസിസിക്കും എതിര്‍പ്പുള്ളത്. വി.ഡി സതീശന്‍ എം.എല്‍.എയും ടി.എന്‍ പ്രതാപന്‍ എം.എല്‍.എയും സര്‍ക്കാരിനെതിരെ പരസ്യമായി രംഗത്തെത്തി.

നിയമ ഭേദഗതി കൊണ്ടുവരാനുള്ള സർക്കാരിന്റെ നീക്കം ശരിയല്ല. ഭേദഗതി കൊണ്ടുവരാനുള്ള സാഹചര്യം എന്താണെന്ന് റവന്യൂ മന്ത്രി അടൂർ പ്രകാശ് വിശദീകരിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.

എല്ലാ ശക്തിയും ഉപയോഗിച്ച് നിയമ ഭേദഗതിയെ എതിര്‍ക്കുമെന്നും പാര്‍ട്ടിക്കുള്ളില്‍ പോലും ചര്‍ച്ച ചെയ്യാതെ എടുത്ത തീരുമാനമാണ് ഇതെന്നും പുനരാലോചനയ്ക്ക് സര്‍ക്കാര്‍ തയ്യാറാകണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. കുടിയേറ്റവും കയ്യേറ്റവും രണ്ടും രണ്ടാണ്. കുടിയേറ്റത്തിന്റെ മറവില്‍ കയ്യേറ്റക്കാര്‍ക്ക് കേറി വരാന്‍ അവസരമൊരുക്കുന്നതാണ് പുതിയ ഭേദഗതിയെന്നും അദ്ദേഹം ആരോപിച്ചു.

കൈയേറ്റക്കാര്‍ക്ക് ഭൂമി പതിച്ചുനല്‍കാനുള്ളതാണ് സര്‍ക്കാരിന്റെ തീരുമാനമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കയച്ച കത്തില്‍ ടി.എന്‍ പ്രതാപന്‍ ആരോപിച്ചു.