പോണ്ടിച്ചേരി യൂണിവേഴ്‍സിറ്റിയില്‍ യോഗ്യതകള്‍ ഇല്ലാതെ അധികാരത്തിലെത്തിയ വൈസ്ചാന്‍സലര്‍ ചന്ദ്ര കൃഷ്ണമൂര്‍ത്തിയെ പുറത്താക്കണമെന്നാവശ്യപ്പെട്ടുള്ള വിദ്യാര്‍ഥി സമരം ശക്തമാകുന്നു

single-img
4 August 2015

11831751_797096303736609_7719769655981609494_nവൈസ് ചാന്‍സലര്‍ ചന്ദ്ര കൃഷ്‍ണമൂര്‍ത്തിയെ നീക്കണമെന്നാവശ്യപ്പെട്ട് പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ ആരംഭിച്ച അനിശ്ചിതകാല ഉപരോധ സമരം ശക്തമാകുന്നു.കഴിഞ്ഞ മാസം 27 തീയ്യതി മുതലാണു സമരം ആരംഭിച്ചത്.മലയാളികള്‍ അടക്കമുള്ള വിദ്യാര്‍ഥികളാണു സമരം നയിക്കുന്നത്.

വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടാന്‍ സമര്‍പ്പിച്ച ബയോഡാറ്റയില്‍ സത്യമല്ലാത്ത കാര്യങ്ങള്‍ പ്രസ്‍താവിച്ചു എന്നതാണ് വൈസ് ചാന്‍സലര്‍ ചന്ദ്ര കൃഷ്‍ണമൂര്‍ത്തിയ്ക്കെതിരായ ആരോപണം. വിസിയുടേതായി പുറത്തിറക്കിയ ഒരേയൊരു പുസ്‍തകത്തിന്‍റെ 98% കോപ്പിയടിച്ച് എഴുതിയതാണെന്നും വിദ്യാര്‍ഥികള്‍ തെളിവുകള്‍ സഹിതം ആരോപിക്കുന്നു. കെടുകാര്യസ്ഥതയും മനുഷ്യാവകാശ ലംഘനങ്ങളും സര്‍വകലാശാലയില്‍ പതിവാണെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.
10981859_797096363736603_4140230533956363236_n
വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ വേഗത്തില്‍ നടപ്പാക്കാതെ സമരം ഒതുക്കിതീര്‍ക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.സര്‍വകലാശാലയില്‍ 60 ശതമാനവും മലയാളി വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. നേരത്തെ കോഴിക്കോട്, കൊച്ചി ഉള്‍പ്പെടെയുള്ള നിരവധി പ്രവേശ പരീക്ഷാ സെന്‍ററുകള്‍ നിര്‍ത്തലാക്കിയിരുന്നു.കഴിഞ്ഞ ഒരു വര്‍ഷമായി തുടരുന്ന സമരങ്ങളില്‍ മലയാളി വിദ്യാര്‍ത്ഥികളാണ് മുന്നില്‍ എന്ന കാരണത്താലാണ് സെറ്ററുകള്‍ ഒഴിവാക്കിയതെന്ന് സമരം ചെയ്യുന്ന വിദ്യാർഥികൾ പറയുന്നു.

വി.സിക്കെതിരെ അഭിപ്രായങ്ങള്‍ പ്രകടിപ്പിപ്പ വിദ്യാര്‍ഥികള്‍ക്കെതിരെ മനപ്പൂര്‍വം നടപടിയെടുക്കുകയാണെന്നാണ് സമരത്തിന് നേതൃത്വം നല്‍കുന്നവര്‍ പറയുന്നത്. ഇത്തവണ പ്രവേശം നേടിയ 160 പെണ്‍കുട്ടികള്‍ക്കും 200ലധികം ആണ്‍കുട്ടികള്‍ക്കും ഹോസ്റ്റല്‍ സൗകര്യം നിഷേധിച്ചതായിരുന്നു പുതിയ നടപടി. ഇതില്‍ 70 ശതമനവും മലയാളികളാണ്.

കഴിഞ്ഞ രണ്ടുവര്‍ഷമായി സര്‍വകലാശാലയില്‍ ഒരു തരത്തിലുമുള്ള വികസന പ്രവര്‍ത്തനങ്ങളും നടന്നിട്ടില്ല. വിദ്യാര്‍ത്ഥികള്‍ക്ക് സര്‍വകലാശാലയില്‍ സഞ്ചരിക്കാന്‍ വേണ്ടി ഏര്‍പ്പെടുത്തിയിരുന്ന ബാറ്ററികാറുകള്‍ നിര്‍ത്തലാക്കി. പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി നല്‍കിക്കൊണ്ടിരുന്ന സൈക്കിള്‍ പിന്‍വലിച്ചു. രണ്ടുവര്‍ഷം മുന്‍പ് അത്യാധുനിക സൗകര്യങ്ങളോടെ പണികഴിപ്പിച്ച ലൈബ്രറി കെട്ടിടവും മാസ് കമ്യൂണിക്കേഷന്‍ കെട്ടിടവും ഇന്നുവരെ തുറന്നു കൊടുത്തിട്ടില്ല. ഹോസ്റ്റലുകളില്‍ ശുദ്ധജലം കിട്ടാനില്ല. കുളിക്കാന്‍ ലഭിക്കുന്ന വെള്ളം മലിനമാണെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. സര്‍വകലാശാലയിലേക്കുള്ള നാല് ഗേറ്റും പൂര്‍ണമായി ഉപരോധിച്ചാണ് വിദ്യാര്‍ഥികള്‍ സമരം ചെയ്യുന്നത്.

വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് വണ്ടി കയറ്റാൻ ശ്രമിച്ചും ഗുണ്ടകളെ വിട്ട് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയുമാണു സമരം ചെയ്യുന്ന വിദ്യാർഥികളെ അധികൃതർ നേരിടുന്നത്.പെൺകുട്ടികൾ അടക്കം സമരം ചെയ്യുന്നവരെ പോലീസും ക്രൂരമായാണു നേരിടുന്നത്.സമാധാനപരമായി സമരം നടത്തുകയായിരുന്ന വിദ്യാര്‍ഥികളെ ക്രൂരമായി തല്ലിച്ചതച്ച ശേഷം റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടു പോകുന്ന കാഴ്ചയ്ക്കും പോണ്ടിച്ചേരി യൂണിവേഴ്‍സിറ്റി സാക്ഷിയായി.