മന്‍കീ ബാത് പ്രധാനമന്ത്രി ആരോപണം വരുമ്പോള്‍ മൗന വ്രതത്തിൽ;ആരോപണ വിധേയരായ മന്ത്രിമാര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കും:സോണിയ ഗാന്ധി

single-img
3 August 2015

soniaആരോപണങ്ങളിൽ കുടുങ്ങിയ മന്ത്രിമാരെ മാറ്റാൻ ബിജെപി തയാറായില്ലെങ്കിൽ പാർട്ടി പ്രതിഷേധം ശക്തമാക്കുമെന്നു കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. മൻ കീ ബാത് പ്രധാനമന്ത്രി സഹപ്രവർത്തകർക്കെതിരെ ആരോപണങ്ങൾ ഉയരുമ്പോൾ മൗന വ്രതത്തിലാണെന്നും സോണിയ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗത്തിന് മുന്നോടിയായുള്ള പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ഒരുവശത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി, സർക്കാരിന്റെ സുതാര്യതയും ആർജവത്വവും ഉത്തരവാദിത്വവും തുടങ്ങി അവകാശവാദമുന്നയിക്കാനുള്ള ഒരവസരവും വിടില്ല. മറുവശത്ത് മന്ത്രിക്കും രണ്ടു മുഖ്യമന്ത്രിമാർക്കുമെതിരായ ആരോപണങ്ങളിൽ മൗനം ഭജിക്കുന്നു. ഇതു സംശയത്തിനിടയാക്കുന്നു, സോണിയ വ്യക്തമാക്കി.

മന്ത്രിമാരുടെ രാജിയെച്ചൊല്ലി രണ്ടാഴ്ചയായി തുടരുന്ന പാര്‍ലമെന്‍റ്് സ്തംഭനം ഇന്നും തുടരുകയാണ്. സ്തംഭനം ഒഴിവാക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഇന്ന് സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. ആരോപണവിധേയരായ മന്ത്രിമാരുടെ രാജിയില്‍ കുറഞ്ഞൊരു ഒത്തുത്തീര്‍പ്പിനും തയ്യാറല്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്

പ്രധാനപ്പെട്ട 11 ബില്ലുകൾ സർക്കാരിന് പാർലമെന്റിൽ പാസാക്കേണ്ടതുണ്ട്. ലളിത് മോദിയെ സഹായിച്ചെന്ന ആരോപണത്തിൽ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ, വ്യാപം കുംഭകോണത്തിന്റെപേരിൽ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാൻ എന്നിവരുടെ രാജിക്കായാണ് പ്രതിപക്ഷം മുറവിളികൂട്ടുന്നത്.