കോന്നി പെൺകുട്ടികളുടെ മരണം:175 ഫേസ്ബുക്ക് ഫ്രണ്ട്‌സില്‍ നിന്നും പോലീസ് മൊഴിയെടുത്തു; വിദ്യാര്‍ഥി നേതാവടക്കം മൂന്നു യുവാക്കള്‍ പോലീസ് നിരീക്ഷണത്തിൽ

single-img
3 August 2015

konni-girls.jpg.image.784.410കോന്നി പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ടു കുട്ടികളുടെ ഫെയ്സ്ബുക്ക് സുഹൃത്തുക്കളായ മൂന്നു യുവാക്കള്‍ പൊലീസ് നിരീക്ഷണത്തില്‍. ഇതില്‍ ഒരു വിദ്യാര്‍ഥി നേതാവും ഉള്‍പ്പെടുന്നു. വിദ്യാര്‍ഥി നേതാവിനെ കസ്റ്റഡിയില്‍ എടുത്തെങ്കിലും ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.
മൂവരും ഫെയ്സ്ബുക്ക് വഴി പെണ്‍കുട്ടികളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു എന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു.

പെൺകുട്ടികളുടെ തിരോധാന ദിവസം വിദ്യാർഥി നേതാവ് എറണാകുളത്തും അങ്കമാലിയിലുമായി ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. ജോലി ആവശ്യത്തിനായി പോയതാണെന്നാണ് യുവാവ് നൽകിയിരിക്കുന്ന മൊഴി. ഇയാളുടെ മൊബൈൽ നമ്പറുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്. കോന്നി പൊലീസ് സ്റ്റേഷൻ പരിധി വിട്ടുപോകരുതെന്ന കർശന നിർദേശമാണ് യുവാവിന് നൽകിയിട്ടുള്ളത്.

ഫേസ്ബുക്കില്‍ സജീവ സാന്നിധ്യമായിരുന്ന ആര്യയ്ക്കാണ് സൗഹൃദവലയം ഏറെയുണ്ടായിരുന്നത്. ടാബ് ഉപയോഗിച്ചിരുന്നതും ആര്യയാണ്. ഇതിലൂടെയാണ് ഫേസ്ബുക്ക് ഉപയോഗിച്ചിരുന്നത്. ടാബ് കണ്ടുകിട്ടിയെങ്കിലും ഇതില്‍ നിന്നും കൂടുതല്‍ വിവരശേഖരണം സാധ്യമായിട്ടില്ല.

അതേസമയം, വീട്ടുകാരും സ്കൂൾ അധികൃതരുമറിയാതെ പെൺകുട്ടികൾ മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നതായും തെളിഞ്ഞിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് 500ലധികം ആളുകളുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍, അധ്യാപകര്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ തുടങ്ങിയവരില്‍ നിന്നും സഹപാഠികളില്‍ നിന്നും വിവരശേഖരണവും നടത്തി. ഫേസ്ബുക്ക് സൗഹൃദ കൂട്ടായ്മയില്‍ 175 പേരില്‍ നിന്നാണ് ആദ്യഘട്ടത്തില്‍ വിവരശേഖരണം നടത്തിയത്.ഫെയ്സ്ബുക്കിലൂടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റു രണ്ടു യുവാക്കളെ പൊലീസ് നിരീക്ഷിക്കുന്നത്.