രണ്ടുതവണ പരാജയമറിഞ്ഞിട്ടും പിന്‍മാറാതെ തന്റെ 79മത്തെ വയസ്സില്‍ ടൂവീലര്‍ ലൈസന്‍സ് സ്വന്തമാക്കി ഗോവിന്ദന്‍ നായര്‍

single-img
27 July 2015

govindan_nair

ഡ്രൈവിംഗ് ലൈസന്‍സ് എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ രണ്ട് വതവണ 79 വയസ്സുകാരന്‍ ഗോവിന്ദന്‍ നായര്‍ക്ക് കാലിടറി. പക്ഷേ തോറ്റുകൊടുക്കാന്‍ അദ്ദേഹം തയ്യാറല്ലായിരുന്നു. 1992ല്‍ പോലീസ് സേനയില്‍നിന്നു സ്‌പെഷല്‍ ബ്രാഞ്ച് പോലീസ് ഹെഡ്‌കോണ്‍സ്റ്റബിളായി വിരമിച്ച് കൃഷിയും ആധ്യാത്മികതയുമായി നടന്ന ഗോവിന്ദന്‍ നായര്‍ ഒടുവില്‍ അത് നേടിയെടുക്കുക തന്നെ ചെയ്തു.

ശ്രീസ്ഥ മാടപ്പുറത്തെ നടുവിലെ വീട്ടില്‍ ഗോവിന്ദന്‍ നായര്‍ എന്ന റിട്ട പോലീസ് കോണ്‍സ്റ്റബിള്‍ ആരുടെയും സഹായമില്ലാതെ ടൂവീലര്‍ ഓടിക്കാന്‍ പഠിച്ച് ലൈസന്‍സ് നേടിയാണ് പ്രായമല്ല, മനസ്സാണ് കാര്യമെന്ന് തെളിയിച്ചത്. മൂന്നുമാസം മുമ്പ് ഇരുചക്ര വാഹനം ഓടിക്കണമെന്ന മോഹത്തെ തുടര്‍ന്ന് വാര്‍ധക്യസഹജമായ പ്രശ്‌നങ്ങള്‍മൂലം കാലുകള്‍ക്കു ബാധിച്ച നീര്‍ക്കെട്ട് ഉള്‍പ്പെടെയുള്ള രോഗങ്ങളെ തോല്‍പ്പിച്ച് അദ്ദേഹം സ്‌കൂട്ടര്‍ പഠിച്ചെടുക്കുകയായിരുന്നു. ഈ പ്രായത്തിലുള്ള വാഹനപഠനത്തെ ഭാര്യ ലക്ഷ്മിയമ്മയും മക്കളും ബന്ധുക്കളുമൊക്കെ എതിര്‍ത്തെങ്കിലും ഗോവിന്ദന്‍നായര്‍ തന്റെ തീരുമാനത്തില്‍ ഉറച്ചു നിന്നു.

പരിയാരത്തെ ഒരു വര്‍ക്ക്‌ഷോപ്പില്‍നിന്നു ടൂവീലര്‍ വാടകയ്‌ക്കെടുത്ത് ഗോവിന്ദന്‍നായര്‍ പഠനമാരംഭിക്കുകയലായിരുന്നു. സൈക്കിള്‍ ഓടിച്ചു പോലും പരിചയമില്ലാത്ത ഗോവിന്ദന്‍ നായര്‍ വെറും 5 ദിവസം കൊണ്ട് വാഹനം നന്നായി പഠിച്ചു. എന്നാല്‍ ലേണേഴ്‌സ് എടുക്കാനായി പോയപ്പോള്‍ കമ്പ്യൂട്ടര്‍ അറിയാത്തതിനാല്‍ ആദ്യതവണ തോറ്റുമടങ്ങി. പക്ഷേ രണ്ടാം തവണ ലേണേഴ്‌സ് സ്വന്തമാക്കി ഗോവിന്ദന്‍നായര്‍ തിരിച്ചു വന്നു.

ലൈസന്‍സിനായുള്ള ഡ്രൈവിംഗ് ടെസ്റ്റിന്റെ ഭാഗമായ എട്ട് എടുക്കലിനു വേണ്ടി പയ്യന്നൂരിലെ ഒരു ഡൈവിംഗ് സ്‌കൂളിനെ ആശ്രയിക്കുകയും ഡ്രൈവിംഗ് ടെസ്റ്റില്‍ ആദ്യത്തെ രണ്ടു തവണ പരാജയം ഏറ്റു വാങ്ങി മൂന്നാം തവണ ജയിച്ചു കയറുകയുമായിരുന്നു. ജൂലൈ 12ന് തളിപ്പറമ്പ് ജോയിന്റ് ആര്‍ടിഒ ഓഫീസിന്റെ ടെസ്റ്റിംഗ് ഗ്രൗണ്ടായ കാഞ്ഞിരങ്ങാട് നടന്ന പരീക്ഷണത്തില്‍ ഗോവിന്ദന്‍നായര്‍ വിജയിക്കുകയും 22ന് ലൈസന്‍സ് ലഭിക്കുകയും ചെയ്തു.