പഞ്ചാബില്‍ ഭീകരാക്രമണം; രണ്ട് പോലീസുകാരടക്കം മൂന്ന്‌പേര്‍ കൊല്ലപ്പെട്ടു

single-img
27 July 2015

punjab-terror

പഞ്ചാബിലെ ഗുരുദാസ്പൂരില്‍ നടന്ന ഭീകരാക്രമണത്തില്‍ രണ്ട് പൊലീസുകാരനടക്കം മൂന്ന്‌ പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ന് രാവിലെയോടെയാണ് സൈനിക വേഷത്തിലെത്തിയ ഭീകരര്‍ ഗുരുദാസ്പൂര്‍ ദിനനഗര്‍ പൊലീസ് സ്റ്റേഷനിലും ബസിലും ആക്രണം നടത്തിയത്. ഏറ്റുമുട്ടല്‍ തുടരുന്ന പൊലീസ് സ്റ്റേഷന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. പാക് അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശമായ ഗുരുദാസ്പൂരിലെ അനിഷ്ട സംഭവങ്ങളെ തുടര്‍ന്ന് രാജ്യവ്യാപകമായി ആഭ്യന്തര മന്ത്രാലയം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

നാല് ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. ഇന്ന് രാവിലെ 5.45ന് തട്ടിയെടുത്ത വെള്ള മാരുതി കാറിലെത്തിയ ഭീകരര്‍ ദിനനഗര്‍ പൊലീസ് സ്റ്റേഷനു നേരെ വെടിവെയ്ക്കുകയായിരുന്നു. ജമ്മുവിലേക്കുള്ള ബസ് ആക്രമിച്ച ശേഷം പൊലീസ് സ്റ്റേഷനില്‍ അതിക്രമിച്ചുകയറിയ ഭീകരര്‍ ആക്രമണം നടരത്തുകയായിരുന്നു. ഭീകരരെ തുരത്താന്‍ എന്‍എസ്ജി കമാന്‍ഡോകളും കൂടുതല്‍ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തെ തടര്‍ന്ന് സ്റ്റേഷന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു.

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പഞ്ചാബ് മുഖ്യമന്ത്രിയെ വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയത്തായും കൂടുതല്‍ സേനയെ പ്രദേശത്ത് വിന്യസിച്ചതായും രാജ്‌നാഥ് സിങ് അറിയിച്ചു. അതിര്‍ത്തിയില്‍ ബിഎസ്എഫ് ജാഗ്രതാനിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.