കൊച്ചി കാണാനെത്തിയ വിദേശ യുവതിയുടെ കൈവിരല്‍ തെരുവ് നായ കടിച്ചുമുറിച്ചു

single-img
25 July 2015

street-dogs2

കൊച്ചി കാണാനെത്തിയ വിദേശ യുവതിയെ തെരുവ് നായ ആക്രമിച്ചു. കൂട്ടത്തില്‍ മറ്റു രണ്ടു പേര്‍ക്കും കടിയേറ്റു. ബള്‍ഗേറിയയിലെ മാസിഡോണിയ സ്വദേശിനിയായ വെര്‍ക ബെഗറോവ(29)യുടെ കൈവിരല്‍ നായ കടിച്ചുമുറിച്ചു. തോളിലും കാലിലും പരുക്കേറ്റ വെര്‍ക പനയപ്പിള്ളിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയിരിക്കുകയാണ്.

വൈകുന്നേരം നാലരയോടെ കൂട്ടുകാരികള്‍ക്കൊപ്പം മട്ടാഞ്ചേരി ജൂതത്തെരുവിലെ സിനഗോഗ് കാണാനെത്തിയതായിരുന്നു യുവതി. തോളിലെ ബാഗില്‍ കടിച്ചുവലിച്ച ശേഷമായിരുന്നു നായയുടെ ആക്രമണം. കേരളത്തിലെ തെരുവുനായ്ക്കള്‍ അപകടകാരികളാണെന്നും സഞ്ചാരികള്‍ ജാഗ്രത പുലര്‍ത്തണമെന്നും വിദേശ മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നതിന്റെ പിന്നാലെയാണ് വിദേശ വനിത ആക്രമിക്കപ്പെട്ടത്.

മട്ടാഞ്ചേരി ബസാര്‍ റോഡില്‍ ജീവമാതാ പള്ളിക്കു സമീപം വൈകിട്ട് അഞ്ചരയോടെ കണ്ണമാലി ചെറിയകടവ് സ്വദേശിനി കുഞ്ഞമ്മയ്ക്ക് (72) നായയുടെ കടിയേറ്റു. കരുവേലിപ്പടി മഹാരാജാസ് ആശുപത്രിയില്‍ ചികില്‍സ നല്‍കി. ഫോര്‍ട്ട്‌കൊച്ചി അമരാവതി സ്വദേശി അനിലും (35) നായയുടെ കടിയേറ്റ് ആശുപത്രിയിലായിരിക്കുകയാണ്.