കേസുകളില്‍ എജി തോറ്റിട്ടുണ്ട്;മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളം:വി.എസ്
അഡ്വക്കറ്റ് ജനറല്‍ കെ. പി.ദണ്ഡപാണി ഒരു കേസിലും തോറ്റിട്ടില്ലെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാദം പച്ചക്കള്ളമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്. പാമോലിന്‍ കേസില്‍ എജി സര്‍ക്കാരിനായി നല്കിയ അപ്പീല്‍ ഹൈക്കോടതി തള്ളിയിരുന്നു. പ്ളസ്ടു കേസിലും എജി തോറ്റിരുന്നു. തനിക്കെതിരായ ഭൂമിദാനകേസിലും എജി തോറ്റു. മുല്ലപ്പെരിയാര്‍ കേസില്‍ മന്ത്രിസഭ എജിയെ ശാസിച്ചത് ആരും മറന്നിട്ടില്ലെന്നും വിഎസ് വ്യക്തമാക്കി.
അഡ്വക്കറ്റ് ജനറലിന്റെ ഓഫീസ് കാര്യക്ഷമമായാണു പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു.എജിയുടെ കാര്യക്ഷമത കുറഞ്ഞതല്ല, കൂടിയതാണു ഹൈക്കോടതിയുടെ വിമര്‍ശനത്തിനു കാരണമായതെന്നു അദ്ദേഹം പറഞ്ഞിരുന്നു.ചില ഹര്‍ജികളുടെ വാദത്തിനിടെ ജസ്റ്റീസ് അലക്സാണ്ടര്‍ തോമസാണ് അഡ്വക്കറ്റ് ജനറല്‍ ഓഫീസിനെതിരെയും ഗവ. പ്ലീഡര്‍മാരുടെ പ്രവര്‍ത്തനത്തെയും നിശിതമായി വിമര്‍ശിച്ചത്. അഡ്വക്കറ്റ് ജനറല്‍ ഓഫീസ് കാര്യക്ഷമമല്ല. ഇതിലും ഭേദം പ്രവര്‍ത്തനം നിര്ത്തിവെക്കുന്നതാണെന്നാണു വാക്കാല്‍ ഹൈക്കോടതി പരമാര്‍ശിച്ചത്.