ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം

single-img
24 July 2015

organ-01കേരളം ആകാംക്ഷയോടെ കാത്തിരുന്ന ആച്ചാടന്‍ വീട്ടില്‍ മാത്യൂ ആന്റണിയുടെ ഹൃദയശസ്ത്രക്രിയ വിജയം. തിരുവനന്തപുരത്ത് നിന്നും ഇന്നലെ വൈകിട്ട് എയർആംബുലൻസിൽ കൊച്ചിയിൽ എത്തിച്ച ഹൃദയം പുതിയ ശരീരത്തിൽ സ്പന്ദിച്ചു തുടങ്ങി. ലിസി ആശുപത്രിയിൽ ആറുമണിക്കൂറിലേറെ നീണ്ട ശസ്ത്രക്രിയയിൽ തുന്നിച്ചേർത്ത ഹൃദയം യന്ത്രസഹായമില്ലാതെ മാത്യു അച്ചാടന്റെ ശരീരത്തിൽ മിടിച്ചു തുടങ്ങിയതായി ഡോ.ജോസ് ചാക്കോ പെരിയപുറം പറഞ്ഞു.

മസ്തിഷ്‌കമരണം സംഭവിച്ച തിരുവനന്തപുരം പാറശാല ലളിത ഭവനില്‍ അഡ്വ. എസ്. നീലകണ്ഠ ശര്‍മ (46) യുടെ ഹൃദയമാണ് മാത്യൂ ആന്റണിക്ക് പുതുജീവനേകാന്‍ എത്തിയത്.എറണാകുളം ലിസി ആസ്പത്രിയില്‍ പുതിയ ഹൃദയം മാത്യുവില്‍ വെച്ചുപിടിപ്പിക്കാന്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാര്‍ തയ്യാറായി നിന്നു. ഇന്നലെ രാത്രി എട്ടിന് മുമ്പ് തുടങ്ങിയ ശസ്ത്രക്രിയ ആറുമണിക്കൂറിലേറെ നീണ്ടു.

രാത്രി 7.44ന് ലിസി ആശുപത്രിയിലെ വൈദ്യസംഘം മാത്യുവിന്റെ ശസ്ത്രക്രിയാ നടപടികൾ തുടങ്ങി. രാത്രി പത്തിന് ആദ്യഫലം പുറത്തുവന്നു,​ ആദ്യഘട്ടം വിജയം. പിന്നെയും പ്രാർത്ഥനയോടെ കേരളം കാത്തിരുന്നു. രാത്രി പന്ത്രണ്ടോടെ അടുത്തവാർത്തയെത്തി,​ ഹൃദയസ്പന്ദനത്തിന് സഹായിക്കുന്ന യന്ത്രം നീക്കി. വീണ്ടും ഉറക്കമൊഴിച്ച് കാത്തിരുന്നവരുടെ മുന്നിലേക്ക് ഇന്നുപുലർച്ചെ രണ്ടിന് ശുഭവാർത്തയെത്തി.

ചാലക്കുടിയിലെ ഓട്ടോറിക്ഷാഡ്രൈവറായ മാത്യുവിന് മാറ്റിവെയ്ക്കാനുള്ള ഹൃദയം കണ്ടെത്തുന്നതിനായി സര്‍ക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയില്‍ അപേക്ഷ നല്‍കി ഇരിക്കുകയായിരുന്നു അദ്ദേഹത്തിന്റെ കുടുംബം. മസ്തിഷ്‌കമരണം സംഭവിച്ച നീലകണ്ഠ ശര്‍മയുടെ ബന്ധുക്കള്‍ സമ്മതം അറിയിച്ചതോടെ മാത്യുവിനായി ജീവന്‍ തുടിക്കുന്ന ഈ ഹൃദയം കൊച്ചിയിലേക്ക് എത്തിക്കുകയായിരുന്നു.

ഡയലേറ്റഡ് കാർഡിയോ മയോപ്പതി എന്ന രോഗാവസ്ഥയെ തുടർന്നാണ് ഓട്ടോ ഡ്രൈവറായ ചാലക്കുടി പരിയാപുരം സ്വദേശി മാത്യു അച്ചാടന് (47) ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ വേണ്ടിവന്നത്.

വെള്ളിയാഴ്ച വൈകീട്ട് നാല് മണിയോടെയാണ് മാറ്റിവെയ്ക്കാനായി ഹൃദയം വിമാനത്തില്‍ എത്തിക്കുന്ന വിവരം ഫ്‌ലാഷ് ന്യൂസായി പുറത്തുവന്നത്. പിന്നീട് അതിന്റെ വിശദാംശങ്ങള്‍ ലൈവായി പ്രവഹിച്ചു. തിരുവനന്തപുരത്ത് യാത്രയ്ക്ക് ഒരുക്കങ്ങള്‍ തുടങ്ങിയപ്പോള്‍ തന്നെ കൊച്ചിയിലും ചര്‍ച്ചകള്‍ തുടങ്ങി. ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യത്തിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പെട്ടെന്ന് ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. പോലീസിന്റെ ഗതാഗത ക്രമീകരണങ്ങള്‍ പലര്‍ക്കും അസൗകര്യങ്ങള്‍ സൃഷ്ടിച്ചെങ്കിലും എല്ലാവരും ഏകമനസ്സോടെ സഹകരിച്ചു. വാഹനമൊഴുകുന്ന എറണാകുളം എം.ജി. റോഡ് പെട്ടെന്നുതന്നെ ഒഴിപ്പിക്കപ്പെട്ടു. 90 കിലോ മീറ്റര്‍ വേഗത്തിലാണ് ഹൃദയവും വഹിച്ചുള്ള വാഹനം ലിസി ആസ്പത്രിയിലേക്ക് പറന്നത്.