റെയില്‍വേ പൊലീസ് ട്രെയിനില്‍ നിന്ന് പുറത്തേക്ക് തള്ളിയിട്ട ദേശീയ ഫെന്‍സിങ് ചാമ്പ്യന്‍ മരിച്ചു

single-img
24 July 2015

hoshiyar-singhന്യൂഡല്‍ഹി: റെയില്‍വേ പൊലീസ് ട്രെയിനില്‍ നിന്ന് പുറത്തേക്ക് തള്ളിയിട്ട ദേശീയ ഫെന്‍സിങ് ചാമ്പ്യന്‍ മരിച്ചു. 2005ല്‍ അണ്ടര്‍ 17 ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലമെഡല്‍ ജേതാവായ ഹോഷിയാര്‍ സിങാണ് മരിച്ചത്. മാതാവിനും ഭാര്യയോടുമൊപ്പം മഥുരയില്‍ നിന്നും കസ്ഗഞ്ചിലേക്ക് വരുമ്പോഴായിരുന്നു സംഭവം. ഭാര്യയെയും മാതാവിനെയും സ്ത്രീകളുടെ കോച്ചില്‍ കയറ്റിയ ഹോഷിയാര്‍ സിങ് ജനറല്‍ കോച്ചിലാണ് കയറിയിരുന്നത്.

എന്നാല്‍ സുഖമില്ലാത്ത ഭാര്യ ഫോണ്‍ ചെയ്തതിനാല്‍ സ്ത്രീകളുടെ കോച്ചിലേക്ക് വന്ന ഹോഷിയാര്‍ സിങിന് നേരെ റെയില്‍വേ പൊലീസ് തട്ടിക്കയറുകയായിരുന്നു. സ്ത്രീകളുടെ കോച്ചിലേക്ക് കയറിയതിന് 200 രൂപ പിഴയടക്കാനും പൊലീസ് ആവശ്യപ്പെട്ടു. ഇതിനു വിസമ്മതിച്ച ഹോഷിയാറിനെ പൊലീസ് ട്രെയിനില്‍ നിന്നും തള്ളുകയായിരുന്നു.

സംഭവത്തില്‍ ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍ വെള്ളം കുടിക്കാന്‍ പുറത്തിറങ്ങിയ ഹോഷിയാര്‍ സിങ് ട്രെയിന്‍ നീങ്ങിയപ്പോള്‍ തെന്നി വീഴുകയാണുണ്ടായതെന്നാണ് പൊലീസ് വിശദീകരണം.