ജീവപര്യന്തം തടവുകാരെ സംസ്ഥാനങ്ങള്‍ക്ക് ഉപാധികളോടെ മോചിപ്പിക്കാമെന്ന് സുപ്രീംകോടതി

single-img
24 July 2015

supreme courtന്യൂഡല്‍ഹി: ജീവപര്യന്തം തടവുകാരെ സംസ്ഥാനങ്ങള്‍ക്ക് ഉപാധികളോടെ മോചിപ്പിക്കാമെന്ന് സുപ്രീംകോടതി ഉത്തരവ്. ജീവപര്യന്തം തടവുകാരെ വിട്ടയക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്ന സുപ്രീംകോടതിയുടെ പഴയ വിധി ദുര്‍ബലപ്പെടുത്തിയാണ് ഇടക്കാല വിധി. രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയക്കാനുള്ള തമിഴ്നാട് സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയിലാണ് ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്‍െറ നടപടി. സംസ്ഥാനങ്ങളും വ്യക്തികളും ഈ കേസില്‍ പിന്നീട് കക്ഷി ചേര്‍ന്നിരുന്നു.

സ്റ്റേ നീക്കിയത് രാജീവ് വധക്കേസ് പ്രതികള്‍ക്ക് ബാധകമല്ലെന്നും ബെഞ്ച് പ്രത്യേകം വ്യക്തമാക്കി. ജീവിതാന്ത്യംവരെ തടവ് അനുഭവിക്കണമെന്ന് കോടതി വിധിച്ച പ്രതികള്‍, ഇരുപതിനും ഇരുപത്തിയഞ്ചിനും വര്‍ഷം തടവിന് വിധിക്കപ്പെട്ട പ്രതികള്‍, കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ തുടര്‍ന്ന് കേന്ദ്ര നിയമപ്രകാരം ശിക്ഷിക്കപ്പെട്ട പ്രതികള്‍, മാനഭംഗത്തിനൊപ്പം കൊലപാതകവും ചെയ്ത പ്രതികള്‍ എന്നിവരെ ശിക്ഷ ഇളവ് ചെയ്ത് മോചിപ്പിക്കരുതെന്നാണ് സുപ്രീംകോടതി മുന്നോട്ടുവെച്ച ഉപാധി.

കഴിഞ്ഞവര്‍ഷം ജൂലൈ ഒമ്പതിനാണ് ക്രിമിനല്‍ നടപടിക്രമം 432, 433 വകുപ്പുപ്രകാരം ജീവപര്യന്തം തടവുകാരെ വിട്ടയക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കുന്നത് കോടതി സ്റ്റേ ചെയ്തത്. ഇത് പുനഃപരിശോധിക്കണമെന്ന് തമിഴ്നാടിന് പുറമെ കേസില്‍ കക്ഷിചേര്‍ന്ന മഹാരാഷ്ട്ര, ബിഹാര്‍, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങള്‍ സുപ്രീംകോടതിയില്‍ ബോധിപ്പിച്ചു.