ദാരിദ്ര്യത്തിലും ഇല്ലായ്മകളിലും കൈത്താങ്ങുമായി സ്വന്തം നാടുമുഴുവന്‍ കൂട്ടുനിന്നപ്പോള്‍ ഹോങ്കോങ്ങില്‍ നടന്ന ഏഷ്യന്‍ പവര്‍ ലിഫ്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള 28 പേരെ പിന്തള്ളി മുഹമ്മയുടെ സ്വന്തം അശ്വതി ഇന്ത്യയ്ക്ക് വേണ്ടി നേടിയെടുത്തത് റെക്കോര്‍ഡോടെ സ്വര്‍ണ്ണം

single-img
24 July 2015

aswathyഒരു നാടിന്റെ പ്രയത്‌നവും പ്രാര്‍ത്ഥയും വിഫലമായില്ല. നാട് തനിക്കു നല്‍കിയ സ്‌നേഹത്തിന്  മുഹമ്മക്കാരി അശ്വതി പകരം നല്‍കിയത് റെക്കോര്‍ഡോടെ സ്വര്‍ണ്ണം. ഹോങ്കോങ്ങില്‍ നടക്കുന്ന ഏഷ്യന്‍ പവര്‍ ലിഫിറ്റങ് ചാമ്പ്യന്‍ഷിപ്പില്‍ 63 കിലോഗ്രാം വിഭാഗത്തില്‍ വ്യാഴാഴ്ച 135. 5 കിലോഗ്രാം ഉയര്‍ത്തിയാണ് സി. അശ്വതി ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിയത്. കൂട്ടുകാരി എസ്. പി.ശ്രീക്കുട്ടി ബുധനാഴ്ച 57 കിലോഗ്രാം വിഭാഗത്തില്‍ വെള്ളി നേടിയ സന്തോഷത്തിലിരുന്ന ജന്മ നാടിന് ഇരട്ടി മധുരമായി അശ്വതിയുടെ നേട്ടം.

135 കിലോഗ്രാമായിരുന്ന നിലവിലുള്ള റെക്കാര്‍ഡാണ് അശ്വതി തിരുത്തിക്കുറിച്ചത്. വിവിധ രാജ്യങ്ങളില്‍നിന്നുള്ള 28 പേരെ പിന്തള്ളി നേടി റെക്കോര്‍ഡ് സ്വര്‍ണ്ണം പരിമിതമായ ജീവിത സാഹചര്യങ്ങളെ അതിജീവിച്ച അശ്വതിയുടെ മനക്കരുത്തിന്റെ സാക്ഷ്യപത്രംകൂടിയാണ്. മുഹമ്മ എ.ബി.വിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിനിയായ അശ്വതിയുടെ സ്വര്‍ണനേട്ടത്തില്‍ അഭിമാനംകൊള്ളുന്നു. കഴിഞ്ഞദിവസം അശ്വതിയുടെ കൂട്ടുകാരി ശ്രീക്കുട്ടി വെള്ളിനേടിയത് അറിഞ്ഞ് സ്‌കൂളില്‍ മധുരം വിതരണം ചെയ്തിരുന്നു.

ദരിദ്ര ചുറ്റുപാടിനെ അതിജീവിച്ചാണ് അശ്വതിയും ശ്രീക്കുട്ടിയും ഏഷ്യന്‍ പവര്‍ലിഫ്ടിങ്ങിന് മത്സരിക്കാന്‍ ഹോങ്കോങ്ങിലേക്ക് പുറപ്പെട്ടത്. മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള യാത്രാ ചെലവുകള്‍ക്കും മറ്റും വേണ്ടിവന്ന ഏഴുലക്ഷം രൂപ ഒരു മരീചികയായി നിന്ന സമയത്താണ് തന്റെ ഫേസ് ബുക്ക് പേജിലൂടെ ഡോ. തോമസ് ഐസക് എം. എല്‍.എ. ഈ കുട്ടികളെ സഹായിക്കണമെന്ന അഭ്യര്‍ത്ഥന നടത്തിയത്. അത് ജനം കേട്ടു. വാര്‍ത്തയറിഞ്ഞ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ 2, 26,000 രൂപ ഇവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുകയായിരുന്നു.

മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് ദീപ അജിത് കുമാറിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ രണ്ട് ലക്ഷം രൂപ സമാഹരിക്കുകയും നാട്ടുകാരും മറ്റു അഭ്യുദയകാംക്ഷികളും കൈമറന്ന് സഹായിക്കുകയുമായിരുന്നു. അങ്ങനെ സ്വരൂക്കൂട്ടിയെടുത്ത ഏഴര ലക്ഷം രൂപയുടെ സഹായവുമായി മത്സരത്തിന് പോയ ഇരുവരും തിരിച്ചു വരുന്നത് ചരിത്രനേട്ടവുമായാണ്.

മുഹമ്മ കായിപ്പുറം പൂജവെളി പുളിച്ചുവട്ടില്‍ ചന്ദ്രബാബു ലേഖ ദമ്പതിമാരുടെ മകളായ അശ്വതിയ്ക്കും കൂട്ടുകാരി ശ്രീക്കുട്ടിക്കും 28ന് നാട്ടിലെത്തുമ്പോള്‍ വന്‍ സ്വീകരണമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് നാടും നാട്ടുകാരും.