കാഴ്ചയില്ലാത്ത മലയാളി മുസ്ലിം പ്രൊഫസര്‍ക്ക് ഡല്‍ഹിയില്‍ വീട് നിഷേധിച്ചതായി പരാതി

single-img
23 July 2015

reem-shamsudheenന്യൂഡല്‍ഹി: കാഴ്ചയില്ലാത്ത മലയാളി പ്രൊഫസര്‍ക്ക് മുസ്ലിമായതിന്റെ പേരില്‍ ഡല്‍ഹിയില്‍ വീട് നിഷേധിച്ചതായി പരാതി. ആലുവ സ്വദേശിയും ഡല്‍ഹി സര്‍വകലാശാലയ്ക്ക് കീഴിലെ കോളേജില്‍ ഇംഗ്ലീഷ് അധ്യാപികയുമായ ഡോ. റീം ഷംസുദ്ദീനെയും മാതാവിനെയുമാണ് ഡല്‍ഹിയിലെ വാടകവീട്ടില്‍നിന്ന് ഇറക്കിവിട്ടത്. ഹൈദരാബാദിലെ ഇഫ്ലുവില്‍ നിന്നും ഉന്നത പഠനം പൂര്‍ത്തിയാക്കിയ റീം ജോലി ആവശ്യാര്‍ത്ഥമാണ് ഡല്‍ഹിയിലെത്തിയത്. ഇത്തരം വിവേചനം മറ്റൊരാള്‍ക്കും ഉണ്ടാകരുതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വീഡിയോ സന്ദേശത്തില്‍ റീം ആവശ്യപ്പെട്ടു.

തെക്കന്‍ ഡല്‍ഹിയില്‍ വീട് അന്വേഷിച്ച് ചെന്നപ്പോള്‍ വീട്ടുടമ ഏറെ താല്‍പര്യത്തോടെ സ്വീകരിക്കുകയും രണ്ടുമാസത്തെ വാടക അഡ്വാന്‍സായി കൈപ്പറ്റുകയും ചെയ്തിരുന്നു. എന്നാല്‍ തിങ്കളാഴ്ച സാധനങ്ങളുമായി വീട്ടിലത്തെിയപ്പോഴാണ് മുസ്ലിംകള്‍ക്ക് വീടുനല്‍കാന്‍ താല്‍പര്യമില്ലെന്നു പറഞ്ഞ് ഇവരെ മടക്കിയയച്ചത്. തുടര്‍ന്ന് മറ്റൊരു വീട് താല്‍കാലികമായി സംഘടിപ്പിച്ച് അവിടേക്ക് മാറുകയായിരുന്നു.

തനിക്കെതിരെ ഉണ്ടായ വിവേചനം മറ്റൊരാള്‍ക്കും ഉണ്ടാവില്ലെന്ന് ഉറപ്പുവരുത്താന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആര്‍ജവം കാണിക്കണമെന്ന് റീം വിഡിയോ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടു. വിദ്യാഭ്യാസത്തിനും ജോലി തേടിയും രാജ്യത്തിന്റെ പല ഭാഗങ്ങളില്‍നിന്ന് ഡല്‍ഹിയിലത്തെുന്നവര്‍ക്കെതിരെ ഇത്തരം വിവേചനങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് അപമാനകരമാണെന്നും വീഡിയോ സന്ദേശത്തില്‍ അവര്‍ പറയുന്നു. റീമിനെ ഇറക്കിവിട്ടതില്‍ പ്രതിഷേധിച്ച് മനുഷ്യാവകാശ കമീഷനെ സമീപിക്കാനൊരുങ്ങുകയാണ് ഡല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍.