കടല്‍ക്കൊലക്കേസ്; നാവികരെ വിട്ടുകിട്ടാന്‍ ഇറ്റലി രാജ്യാന്തര ട്രൈബ്യൂണലില്‍

single-img
23 July 2015

italian_marinesറോം: കടല്‍ക്കൊലക്കേസ് പ്രതികളായ രണ്ടു നാവികരെ വിട്ടുകിട്ടാന്‍ ഇറ്റലി രാജ്യാന്തര ട്രൈബ്യൂണലില്‍.  ജര്‍മനിയിലെ ഹാംബര്‍ഗിലുള്ള രാജ്യാന്തര ട്രൈബ്യൂണലിലാണ് ഇറ്റലി ആവശ്യം ഉന്നയിച്ചത്. നിയമനടപടി നീളുന്ന സാഹചര്യത്തില്‍, കേസ് സംബന്ധിച്ച തര്‍ക്കം പരിഹരിക്കുന്നതുവരെ നാവികരെ ഇറ്റലിയില്‍ തങ്ങാന്‍ അനുവദിക്കണം. ഇന്ത്യയിലെ നിയമനടപടി അവസാനിപ്പിക്കണമെന്നും ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

കടലില്‍വെച്ച് വിവിധ രാജ്യങ്ങള്‍ തമ്മിലുണ്ടാകുന്ന തര്‍ക്കം പരിഹരിക്കാന്‍ യു.എന്‍ നടപടിയുടെ അടിസ്ഥാനത്തിലാണ് ഇറ്റലി രാജ്യാന്തര മധ്യസ്ഥത ആവശ്യപ്പെട്ടത്. നാവികര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഇന്ത്യയിലെ കോടതികള്‍ക്ക് അധികാരമില്ലെന്നും ഇറ്റലി വാദിച്ചു. രാജ്യാന്തര മാധ്യസ്ഥ്യത്തിന് പോകുന്നതിനാല്‍ സുപ്രീംകോടതിയിലെ നിയമനപടി നിര്‍ത്തിവെക്കണമെന്ന ഇറ്റലിയുടെ ആവശ്യത്തില്‍ ആഗസ്റ്റ് 26 നുശേഷം സുപ്രീംകോടതി വാദം കേള്‍ക്കും.

കേസില്‍ പ്രതിയായ നാവികന്‍ ലത്തോറെ മാസിമിലാനോക്ക് ആറുമാസം കൂടി ഇറ്റലിയില്‍ തുടരാന്‍ കഴിഞ്ഞയാഴ്ച സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു. ആരോഗ്യപരമായ കാരണങ്ങള്‍ കണക്കിലെടുത്തായിരുന്നു അനുമതി. കടല്‍ക്കൊല കേസില്‍ ഇന്ത്യയിലെ നിയമനടപടികളെ ഇറ്റലി അപമാനിച്ചതായി കേന്ദ്രസര്‍ക്കാര്‍ രാജ്യാന്തര മാധ്യസ്ഥ്യര്‍ക്കുമുന്നില്‍ ആക്ഷേപം ഉന്നയിക്കും.

പ്രശ്നത്തിന് ഇന്ത്യയില്‍ പരിഹാരം സാധ്യമാണെന്ന വാദമാണ് ഇന്ത്യ ഉയര്‍ത്തുക. സംഭവം നടന്ന രാജ്യത്തെ പ്രാഥമിക നിയമനടപടി പൂര്‍ത്തിയാക്കിയശേഷമേ രാജ്യാന്തര മധ്യസ്ഥത ആവശ്യപ്പെടാവൂ എന്ന വ്യവസ്ഥയും ഇന്ത്യ ചൂണ്ടിക്കാട്ടും.