ഓണച്ചന്തകള്‍ തുടങ്ങാന്‍ മന്ത്രിസഭായോഗം 100 കോടി രൂപ അനുവദിച്ചു; സ്‌കൂള്‍ക്കുട്ടികള്‍ക്ക് അഞ്ചുകിലോ അരിവീതം സൗജന്യമായി നല്‍കും

single-img
23 July 2015

rice-aidതിരുവനന്തപുരം: ഓണച്ചന്തകള്‍ തുടങ്ങാന്‍ മന്ത്രിസഭായോഗം 100 കോടി രൂപ അനുവദിച്ചു. ഓണക്കാലത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയുക എന്ന ലക്ഷ്യത്തോടെയാണിത്. കണ്‍സ്യൂമര്‍ഫെഡിന് 25 കോടി രൂപയും ഹോര്‍ട്ടികോര്‍പ്പിന് ഏഴുകോടി രൂപയും സപ്ലൈകോയ്ക്ക് 68 കോടി രൂപയുമാണ് അനുവദിച്ചത്.

കൂടാതെ ഓണത്തിന് സംസ്ഥാനത്തെ സ്‌കൂള്‍ക്കുട്ടികള്‍ക്ക് അഞ്ചുകിലോ അരിവീതം സൗജന്യമായി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ക്ഷേമപെന്‍ഷനുകളും ഓണത്തിനുമുമ്പ് കൊടുത്തുതീര്‍ക്കും. ഇതിനായി 650 കോടി രൂപ ഉടന്‍ അനുവദിക്കും. 192 കോടി രൂപ ഇക്കാര്യത്തിനായി ഇതുവരെ അനുവദിച്ചിട്ടുണ്ട്.

പൂട്ടിക്കിടക്കുന്ന കശുവണ്ടി വികസന കോര്‍പ്പറേഷന്റെ എല്ലാ കശുവണ്ടി ഫാക്ടറികളും ഓണത്തിനുമുമ്പ് തുറക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. തിരുവനന്തപുരം, കോഴിക്കോട് എന്നീ നഗരങ്ങളിലാരംഭിക്കുന്ന ലൈറ്റ്‌മെട്രോയ്ക്കായി വായ്പയെടുക്കുന്നത് സംബന്ധിച്ച വിഷയം മന്ത്രിസഭായോഗ അജന്‍ഡയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ബുധനാഴ്ച ഇതില്‍ തീരുമാനമുണ്ടായില്ല. ഇക്കാര്യം വ്യാഴാഴ്ച നടക്കുന്ന മന്ത്രിസഭായോഗം പരിഗണിക്കും.