ഡല്‍ഹിയില്‍ ഞാനാണു സര്‍ക്കാര്‍- ലെഫ്റ്റനന്റ് ഗവര്‍ണര്‍

single-img
23 July 2015

arvind-najeebന്യൂഡല്‍ഹി: ഡല്‍ഹിയില്‍ താനാണു സര്‍ക്കാറെന്ന് ലെഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ്. ഇന്ത്യന്‍ ഭരണഘടനപ്രകാരം ദില്ലിയിലെ സര്‍ക്കാര്‍ താനാണെന്ന് ഗവര്‍ണര്‍ അവകാശപ്പെട്ടു. ഭരണഘടനയിലെ 239ാം ആര്‍ട്ടിക്കിള്‍ പ്രകാരം പ്രസിഡന്റാണ് ഗവര്‍ണരെ തെരഞ്ഞെടുക്കുന്നത്. അധികാരം കയ്യാളുന്നത് ആര്‍ട്ടിക്കിള്‍ 239എഎ പ്രകാരമാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷയായി സ്വാതി മലിവാളിനെ എ.എ.പി. സര്‍ക്കാര്‍ നിയമിച്ച നടപടി റദ്ദാക്കിക്കൊണ്ടു പുറത്തിറക്കിയ കത്തിലാണ് ഇക്കാര്യം പറയുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവില്‍ സര്‍ക്കാര്‍ എന്നാല്‍ ലെഫ്. ഗവര്‍ണറാണ് എന്നു വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതിനാല്‍ തലസ്ഥാനനഗരത്തിലെ എല്ലാ നിയമനങ്ങളുടെയും കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് താനാണ്. വനിതാ കമ്മിഷന്‍ അധ്യക്ഷയുടെ നിയമനത്തിന് തന്റെ അംഗീകാരമില്ല, നിയമനം സാധുവുമല്ലെന്നും കത്തില്‍ ലെഫ്. ഗവര്‍ണര്‍ അവകാശപ്പെട്ടു.

നേരത്തേ ചീഫ് സെക്രട്ടറിയുടെ ചുമതല ശകുന്തള ഗാംലിന് നല്‍കിയതിനെച്ചൊല്ലിയും സര്‍ക്കാറും ഗവര്‍ണറുംതമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.മുഖ്യമന്ത്രിയുടെ പരാതിവിഭാഗത്തില്‍ ഉപദേശകയായിരുന്ന സ്വാതി മലിവാള്‍ കഴിഞ്ഞ ദിവസമാണ് വനിതാ കമ്മിഷന്‍ അധ്യക്ഷയായി ചുമതലയേറ്റത്. എന്നാല്‍, ബുധനാഴ്ച ഈ നിയമനത്തിന് സാധുതയില്ലെന്നുകാട്ടി ഗവര്‍ണര്‍ ജങ് കത്തെഴുതുകയായിരുന്നു.

അതേസമയം ഗവര്‍ണര്‍ ചൂണ്ടിക്കാട്ടിയത് സാങ്കേതികമായ പ്രശ്‌നം മാത്രമാണെന്നും അത് പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്വാതി മലിവാള്‍ പ്രതികരിച്ചു. ഭരണഘടനയെ താന്‍ മാനിക്കുന്നു. നിയമനം റദ്ദാക്കിക്കൊണ്ട് ലെഫ്. ഗവര്‍ണറുടെ ഓഫീസില്‍നിന്നോ ഡല്‍ഹി സര്‍ക്കാറില്‍നിന്നോ ഒരറിയിപ്പും കിട്ടിയിട്ടില്ല. സ്ഥാനത്തുണ്ടായാലും ഇല്ലെങ്കിലും ജോലിതുടരുമെന്ന് മലിവാള്‍ പറഞ്ഞു.

പാര്‍ട്ടിപ്രവര്‍ത്തകയെ വനിതാ കമ്മിഷന്‍ അധ്യക്ഷയാക്കിയെന്നാരോപിച്ച് നിയമനത്തിനെതിരെ ബി.ജെ.പി. രംഗത്തെത്തിയിരുന്നു. കെജ്രിവാളും ജയ്ഹിന്ദും ബന്ധുക്കളാണെന്നും കോണ്‍ഗ്രസിലേതുപോലെ കുടുംബഭരണത്തിനാണ് എ.എ.പി.യും ശ്രമിക്കുന്നതെന്നും ബി.ജെ.പി. അധ്യക്ഷന്‍ സതീഷ് ഉപാധ്യായ ആരോപിച്ചു.

എന്നാല്‍ ഈ ആരോപണങ്ങള്‍ എ.എ.പി. തള്ളി. ഏറ്റവും അനുയോജ്യയായ വ്യക്തിയെയാണ് വനിതാ കമ്മിഷന്‍ അധ്യക്ഷപദവിയിലേക്കു നിയോഗിച്ചതെന്ന് പാര്‍ട്ടി അവകാശപ്പെട്ടു. സ്വാതി മലിവാള്‍ തന്റെ ബന്ധുവാണെന്ന ആരോപണം മുഖ്യമന്ത്രി കെജ് രിവാളും ട്വിറ്ററിലൂടെ നിഷേധിച്ചു.