തേങ്ങയുടെ വിലയിടിവ്; അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി

single-img
23 July 2015

Niyamasabha1തിരുവനന്തപുരം: തേങ്ങയുടെ വിലയിടിവ് വിഷയത്തില്‍ കെ.വി.വിജയദാസ് എംഎല്‍എയുടെ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. തേങ്ങയുടെ വില ഇടിവ് പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന് വിജയദാസ് കുറ്റപ്പെടുത്തി. പച്ചത്തേങ്ങ സംഭരിച്ചവകയില്‍ കേരഫെഡിന് 15 കോടി രൂപ സര്‍ക്കാര്‍ കുടിശിക നല്‍കാനുണ്ട്. കോഴിക്കോട്ടെ നാഫെഡിന്റെ ഓഫീസ് പൂട്ടി. ആസിയാന്‍ കരാറാണ് ഈ വിലത്തകര്‍ച്ചയ്ക്ക് ഇടവരുത്തിയത്. യു.ഡി.എഫ് ആസിയാന്‍ കരാറിനെ അനുകൂലിച്ചതിന്റെ തിരിച്ചടിയാണ് ഇപ്പോള്‍ കര്‍ഷകര്‍ അനുഭവിക്കുന്നതെന്നും വിജയദാസ് കുറ്റപ്പെടുത്തി.

കര്‍ഷകര്‍ക്കായി 200 കോടി രൂപയെങ്കിലും ബജറ്റില്‍ നീക്കിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പച്ചത്തേങ്ങ 25 രൂപ നിരക്കില്‍ കൃഷിഭവന്‍ സംഭരിക്കുന്നുണ്ടെന്ന് കൃഷിമന്ത്രി കെ.പി മോഹനന്‍ മറുപടി നല്‍കി. നാളീകേര കര്‍ഷകര്‍ കൃഷിഭവനെ ആശ്രയിക്കുന്നതാണ് നല്ലത്. 17 രൂപ പൊതുവിപണിയില്‍ ഉള്ളപ്പോഴാണ് കൃഷിഭവന്‍ വഴി 25 രൂപ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഭരിക്കുന്ന തേങ്ങ മൂല്യവര്‍ധിത ഉത്പന്നമായി മാറ്റുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും കൃഷിമന്ത്രി പറഞ്ഞു.

കോര്‍പറേറ്റുകളെ സഹായിക്കുന്ന സര്‍ക്കാരാണെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ കുറ്റപ്പെടുത്തി. തേങ്ങയുടെ വില ഇടിഞ്ഞപ്പോള്‍ സംഭരിക്കാന്‍ നടപടി എടുത്ത ഏക സംസ്ഥാനം കേരളമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോകുകയായിരുന്നു