മദ്യപിച്ച് കാര്‍ ഓടിച്ച യുവാക്കള്‍ പോസ്റ്റര്‍ ഒട്ടിച്ചുകൊണ്ടിരുന്ന 70 വയസ്സുള്ള വൃദ്ധനെ ഇടിച്ചുകൊന്നു

single-img
22 July 2015

1437441390_1437441390_kkk

മദ്യപിച്ച് വാഹനമോടിച്ച യുവാക്കളുടെ വാഹനമിടിച്ച് വുദ്ധന്റെ ജീവന്‍ നഷ്ടപ്പെട്ടു. കായംകുളംതിരുവല്ല സംസ്ഥാന പാതയില്‍ ചെട്ടികുളങ്ങര തട്ടയ്ക്കാട്ടുപടിക്കു സമീപമായിരുന്നു ദാരുണമായ അപകടമുണ്ടായത്. മുട്ടം പരിമണം പടിഞ്ഞാറെ മുല്ലശേരില്‍ ഉത്തമനാ(70)ണു ദാരുണമായി മരിച്ചത്.റോഡരികിലെ വൈദ്യുതി പോസ്റ്റില്‍ പോസ്റ്റര്‍ ഒട്ടിക്കുകയായിരുന്ന വൃദ്ധനെ മദ്യലഹരിയില്‍ പാഞ്ഞടുത്ത കാര്‍ വൈദ്യുതി പോസ്റ്റിനൊപ്പം ഇടിച്ചു ഞെരുക്കുകയായിരുന്നു. ശേഷം പോസ്റ്റ് തകര്‍ത്ത് മുന്നോട്ട് നീങ്ങിയ കാര്‍ മറ്റൊരു ഇരുമ്പ് വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞു.

പോസ്റ്റിലെ 11 കെ.വി ഉള്‍പ്പെടെയുള്ള വൈദ്യുതി കമ്പികള്‍ പൊട്ടി വീഴാതിരുന്നതും എ.ബി കേബിളുകളില്‍ പോസ്റ്റ് തങ്ങി നിന്നതും മൂലം വന്‍ അപകടം ഒഴിവാകുകയായിരുന്നു. ആ സമയം റോഡില്‍ തിരക്ക് കുറഞ്ഞതും സ്‌കൂളുകള്‍ വിടുന്നതിന് മുമ്പായിരുന്നു അപകടം സംഭവിച്ചത് എന്നതും ദുരന്തത്തിന്റെ തീവ്രത കുറച്ചു.

കാറില്‍ സഞ്ചരിച്ച ചെട്ടികുളങ്ങര സ്വദേശികളായ നാലു യുവാക്കള്‍ ചെറിയ പരുക്കുകളോടെ സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെട്ടു. ഇതില്‍ കൈതതെക്ക് സ്വദേശിയായ അവിനാഷ്. കെ. നായരെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയനിലയില്‍ കണ്ടെത്തുകയായിരുന്നു. ഇവരുടെ കാറിനുള്ളില്‍ നിന്നും മദ്യക്കുപ്പിയും കണ്ടെടുത്തു. സുഹൃത്തുക്കളായ നാലുപേരും ചേര്‍ന്ന് കാറില്‍ കറങ്ങാന്‍ ഇറങ്ങിയതാണെന്ന് പോലീസ് പറഞ്ഞു.

എന്നാല്‍ സംഭവം നടന്ന് അരമണിക്കൂര്‍ കഴിഞ്ഞിട്ടും സംഭവ സ്ഥലത്തു നിന്നും അഞ്ചു കിലോ മീറ്റര്‍ മാത്രം ദൂരമുള്ള മാവേലിക്കര പോലീസ് സ്‌റ്റേഷനില്‍ നിന്നും പോലീസ് സ്ഥലത്തെത്താത്തത് പ്രതിഷേധത്തിന് വഴിവെച്ചു. സംസ്ഥാന പാതയില്‍ പോലീസിന്റെയും മോട്ടോര്‍ വാഹനവകുപ്പിന്റെയും പരിശോധന ഇരുചക്ര വാഹനങ്ങളില്‍ മാത്രമായാണ് ഒതുങ്ങുന്നതെന്നും കാറുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഓടിക്കുന്നവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും മദ്യപിച്ചു വാഹനം ഓടിക്കുന്നതും സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാത്തതും ഇവര്‍ കണ്ടില്ലെന്നു നടിക്കുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു.