യാക്കൂബ് മേമന്റെ ദയാഹര്‍ജി സ്വീകരിച്ച് ശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കണമെന്ന് സി.പി.എം

single-img
22 July 2015

CPM_flags2008_0ന്യൂഡല്‍ഹി: മുംബൈ സ്‌ഫോടനക്കേസിലെ പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റുന്നതിനെതിരെ സി.പി.എം. മേമന്റെ ദയാഹര്‍ജി സ്വീകരിച്ച് അദ്ദേഹത്തിന്റെ ശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കണമെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ വാര്‍ത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു. വധശിക്ഷയ്‌ക്കെതിരാണ് പാര്‍ട്ടി നിലപാട്. മുംബൈയില്‍ നടന്നത് 257 പേരുടെ മരണത്തിനിടയാക്കിയ ഹീനമായ തീവ്രവാദി ആക്രമണമാണ്. അതിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുകയും ശിക്ഷിക്കുകയും വേണം. പ്രധാന കുറ്റവാളികള്‍ പലരും നിയമത്തിന്റെ പിടിയില്‍ നിന്ന് രക്ഷപെട്ടു.

വിദേശത്ത് കഴിയുന്ന അവരെ ഇന്ത്യയിലെത്തിച്ച് വിചാരണ നടത്തി ശിക്ഷിക്കാനുള്ള ശ്രമം വേണം. ഈ ഘട്ടത്തില്‍ യാക്കൂബ് മേമനെ തൂക്കിലേറ്റുന്നത് നീതിക്ക് നിരക്കുന്നതല്ല. സ്‌ഫോടനത്തിന്റെ ഗൂഢാലോചനയുടെ ഭാഗമായിരുന്നു യാക്കൂബ് മേമന്‍. അദ്ദേഹം ഇന്ത്യന്‍ അധികാരികള്‍ക്ക് മുമ്പാകെ കീഴടങ്ങി വിചാരണ നേരിട്ടു. അദ്ദേഹത്തിന്റെ കുടുംബത്തെ വരെ ഇവിടെ എത്തിച്ച് വിചാരണയ്ക്ക് ഹാജരാക്കി.

സ്‌ഫോടനത്തിന് ചുക്കാന്‍ പിടിച്ച പ്രധാനികള്‍ നിയമത്തിന് പിടിതരാതെ ഒളിവില്‍ കഴിയുമ്പോള്‍ മേമനെ മാത്രം തൂക്കിലേറ്റുന്നത് ശരിയല്ല. വധശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കണം. രാജീവ് ഗാന്ധിയുടെ ഘാതകരുടെ വരെ ശിക്ഷ ജീവപര്യന്തമാക്കി കുറച്ചകാര്യവും സി.പി.എം എടുത്തുപറയുന്നു

1993-ല്‍ 257 പേരുടെ മരണത്തിനിടയാക്കിയ മുംബൈ സ്‌ഫോടനപരമ്പരയിലെ പ്രതിയായ യാക്കൂബ് മേമനെ ഈ മാസം 30-ന് നാഗ്പുര്‍ സെന്‍ട്രല്‍ ജയിലില്‍ തൂക്കിലേറ്റാനിരിക്കുകയാണ്.