യാചകര്‍ക്കായി ആന്ധ്രാ സര്‍ക്കാര്‍ ഓഫര്‍;നദി ഉത്സവം കഴിയുന്നതുവരെ യാചനയിൽ നിന്ന് വിട്ട് നിൽക്കുന്നവർക്ക് 5000 രൂപ

single-img
22 July 2015

beggerരാജമുഡ്രി: ഉത്സവ പ്രദേശത്തുനിന്നും യാചകരെ അകറ്റാന്‍ പുത്തന്‍ തന്ത്രവുമായി ആന്ധ്രപ്രദേശ് സര്‍ക്കാര്‍. ഓരോ യാചകര്‍ക്കും 5000 രൂപ വീതം തരാമെന്നാണ് സര്‍ക്കാറിന്റെ വാഗ്ദാനം. ഒറ്റ നിബന്ധനയെ ഉള്ളൂ, നദി ഉത്സവം കഴിയുന്നതുവരെ ആ ഭാഗത്ത് കണ്ടുപോകരുത്.

12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഗോദാവരി പുഷ്‌കരലു എന്ന നദിയുല്‍സവത്തില്‍നിന്ന് വിട്ടു നില്‍ക്കുന്നതിനാണ് യാചകര്‍ക്ക് സര്‍ക്കാര്‍ ഈ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ 25നാണ് ഉത്സവം സമാപിക്കുന്നത്. ഉല്‍സവസ്ഥലത്ത് എത്തിയിട്ടുള്ള യാചകരുടെ ശല്യം സഹിക്കാനാവാതെ വന്നതോടെയാണ് പണം കൊടുത്ത് ഒഴിവാക്കാനുള്ള സര്‍ക്കാരിന്റെ നീക്കം.

എന്നാല്‍, യാചകര്‍ക്ക് 5,000 രൂപ വീതം നല്‍കുന്നതറിഞ്ഞ് യാചകരല്ലാത്തവരും നഷ്ടപരിഹാരത്തിനായി എത്തിയതോടെ കെണിയിലായിരിക്കുകയാണ് ഉല്‍സവ കമ്മിറ്റിക്കാര്‍. അതോടെ, റേഷന്‍ കാര്‍ഡില്ലാത്തവരും ക്ഷേമനിധികളില്‍ അംഗത്വമില്ലാത്തവരുമായിട്ടുള്ള യാചകര്‍ക്കുമാത്രമെ സഹായധനം ലഭിക്കുവെന്നാക്കി നിബന്ധന തിരുത്തി. എന്നിട്ടും, റേഷന്‍ കാര്‍ഡുള്ളവരും യാചകരല്ലാത്തവരുപോലും സൗജന്യമായി ലഭിക്കുന്ന 5000 രൂപയ്ക്കായി ക്യൂ നില്‍ക്കുന്നതായാണ് റിപ്പോര്‍ട്ട്.

ഉല്‍സവസ്ഥലത്തു നിന്നും യാചകരെ അകറ്റുന്നതിനുള്ള ഈ ആശയത്തിന്റെ ഉടമ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണെന്നാണ് റിപ്പോര്‍ട്ട്. 2000ല്‍ യുഎസ് പ്രസിഡന്റായിരുന്ന ബില്‍ ക്ലിന്റണ്‍ ഹൈദരാബാദ് സന്ദര്‍ശിക്കുന്നതിന് മുന്നോടിയായി നഗരത്തിലെ യാചകരെ മുഴുവന്‍ പണം കൊടുത്ത് അഭയാര്‍ഥി ക്യാമ്പിലേക്ക് മാറ്റിയതിനു പിന്നിലും നായിഡുവിന്റെ തലയായിരുന്നു.