വ്യാപം അഴിമതി; നീതി നടപ്പിലാക്കുകയോ മരിക്കാന്‍ അനുവദിക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ രാഷ്ട്രപതിക്ക് കത്തയച്ചു

single-img
22 July 2015

vyapamവ്യാപം അഴിമതിക്കേസില്‍ നീതി നടപ്പിലാക്കുകയോ മരിക്കാന്‍ അനുവദിക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് കുറ്റാരോപിതരായ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ രാഷ്ട്രപതിക്ക് കത്തയച്ചു. ഇവര്‍ മധ്യ പ്രദേശിലെ ഗിജ്‌റ രാജ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളാണ്. വ്യാപം കേസില്‍ കുറ്റാരോപിതരായ 2500 പേരില്‍ ഉള്‍പ്പെട്ടവരാണ് ഇവര്‍.

2010ല്‍ മെഡിക്കല്‍ കോഴ്‌സിനുള്ള പ്രവേശന പരീക്ഷയായ പി.എം.ടി പരീക്ഷ തങ്ങള്‍ പാസായിട്ടുണ്ടെന്ന് വിദ്യാര്‍ഥികള്‍ കത്തില്‍ പറയുന്നു. എന്നാല്‍ മൂന്ന് വര്‍ഷത്തിന് ശേഷം വിദ്യാര്‍ഥികളുടെ അഡ്മിറ്റ് കാര്‍ഡിലെ ഫോട്ടോയും ഒപ്പും കോളജിലെ ഐഡന്റിറ്റി കാര്‍ഡിലെ ഫോട്ടോക്കും ഒപ്പിനും സമാനമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വ്യാപം അഴിമതിക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടത്. പുറത്തു നിന്നുള്ളവര്‍ ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതിയെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട 95 പേരില്‍ ഈ വിദ്യാര്‍ഥികളും ഉള്‍പ്പെടും.

ഇതേത്തുടര്‍ന്ന് വിരലടയാള പരിശോധനയ്ക്ക് വിധേയരായ ഇവര്‍ കേസില്‍ തങ്ങളുടെ നിരപരാധിത്വം തെളിയിച്ചിരുന്നു. പഠനം തുടരുന്നതിന് ഹൈക്കോടതിയില്‍നിന്ന് അനുമതി സമ്പാദിക്കുകയും തങ്ങള്‍ക്കെതിരായ കേസില്‍ സ്റ്റേ സമ്പാദിക്കുകയും ചെയ്തു. ഇത്രയൊക്കെ ചെയ്തിട്ടും കോളജില്‍നിന്നും തങ്ങള്‍ നേരിടുന്നത് കഠിനമായ വിവേചനമാണ്. ഇത് ചൂണ്ടിക്കാട്ടിയാണ് നീതി നേടിത്തരികയോ അല്ലെങ്കില്‍ മരിക്കാന്‍ അനുവദിക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട്  രാഷ്ട്രപതിക്ക് കത്തയച്ചത്.