യാക്കൂബ് മേമന്‍ അവസാന കച്ചിത്തുരുമ്പെന്നോണം ഗവര്‍ണര്‍ക്ക് ദയാഹര്‍ജി നല്‍കി

single-img
22 July 2015

yakub-memonമുംബൈ: 1993ലെ മുംബൈ സ്‌ഫോടനക്കേസിലെ പ്രതി യാക്കൂബ് മേമന്‍ അവസാന കച്ചിത്തുരുമ്പെന്നോണം ഗവര്‍ണര്‍ക്ക് ദയാഹര്‍ജി നല്‍കി. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച രണ്ടാമത്തെ ഹര്‍ജിയും തള്ളിയതോടെയാണ് വധശിക്ഷയില്‍ ഇളവ് അപേക്ഷിച്ച് മേമന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ക്ക് ഹര്‍ജി നല്‍കിയിരിക്കുന്നത്. ജീവിതത്തിനും മരണത്തിനും ഇടയിലുള്ള മേമന്റെ അവസാനത്തെ ആശ്രയമായിരിക്കും ഗവര്‍ണര്‍ക്കുള്ള ദയാഹര്‍ജി.

ഈ മാസം 30 തൂക്കിലേറ്റുമെന്ന വാര്‍ത്ത വന്നരിക്കെ ഗവര്‍ണര്‍ക്ക് നല്‍കിയ ഹര്‍ജി ഒരു പക്ഷേ മേമന്റെ ദിവസങ്ങള്‍ നീട്ടിയേക്കാമെന്നല്ലാതെ അനുകൂല തീരുമാനമുണ്ടാകില്ലെന്നാണ് കരുതുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു അധ്യക്ഷനായ ബെഞ്ചാണ് ചൊവ്വാഴ്ച മേമന്റെ പുന:പരിശോധനാ ഹര്‍ജി തള്ളിയത്.

കഴിഞ്ഞ 20 വര്‍ഷത്തോളമായി ജയിലകത്താണെന്ന് കാട്ടിയാണ് മേമന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇത്തരം കേസുകളില്‍ വധശിക്ഷ ജീവപര്യന്തമാക്കാറുണ്ടെന്ന് മേമന്‍ ചൂണ്ടിക്കാട്ടിയെങ്കിലും കോടതി അക്കാര്യം നിരാകരിച്ചു. കേസില്‍ ഉള്‍പ്പെട്ട അധോലോക നേതാവ് ദാവൂദ് ഇബ്രാഹിം ഉള്‍പ്പെടെ പ്രമുഖരായ കുറ്റവാളികള്‍ ഇപ്പോഴും ഒളിവിലാണ്. മുംബൈ സ്‌ഫോടനക്കേസില്‍ വധശിക്ഷ ലഭിക്കാനിരിക്കുന്ന ആദ്യ പ്രതി കൂടിയാണ് യാക്കൂബ് മേമന്‍.