കല്‍ക്കരിക്കേസ് പ്രതിക്ക് പാസ്‌പോര്‍ട്ട് അനുവദിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സമ്മര്‍ദ്ദം ചെലുത്തിയെന്ന് സുഷമ സ്വരാജ്

single-img
22 July 2015

Sushma Swarajന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ രാജിക്കായി പ്രക്ഷോഭം നടത്തുന്ന കോണ്‍ഗ്രസിന് ട്വിറ്റര്‍ വഴി സുഷമയുടെ തിരിച്ചടി. കല്‍ക്കരിക്കേസ് പ്രതി സന്തോഷ് ബഗ്‌രോദിയക്ക് പാസ്‌പോര്‍ട്ട് അനുവദിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സമ്മര്‍ദ്ദം ചെലുത്തിയെന്ന് സുഷമ ആരോപിച്ചു.

നേതാവിന്റെ പേര് പാര്‍ലമെന്റില്‍ വെളിപ്പെടുത്തുമെന്നാണ് സുഷമ സ്വരാജ് ട്വിറ്റര്‍ സന്ദേശത്തില്‍ വ്യക്തമാക്കിയത്. സുഷമയുടെ രാജിക്കുവേണ്ടി പാര്‍ലമെന്റിനു മുന്നില്‍ ധര്‍ണ നടത്താന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് ഇത് വേണ്ടെന്നു വച്ചു. വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യദിവസമായ ചൊവ്വാഴ്ച പ്രക്ഷോഭത്തേത്തുടര്‍ന്ന് ഇരു സഭകളും ഉടന്‍ പിരിഞ്ഞു.

2008-2009 ല്‍ മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ കാലത്ത് കല്‍ക്കരി വകുപ്പ് സഹമന്ത്രിയായിരുന്നു സന്തോഷ് ബഗ്‌രോദിയ. മഹാരാഷ്ട്രയിലെ സ്വകാര്യ കമ്പനിക്ക് കല്‍ക്കരിപ്പാടം അനുവദിച്ചതില്‍ ക്രമക്കേടു നടന്നുവെന്നാണ് അന്വേഷണ ഏജന്‍സി കണ്ടെത്തിയത്. കേസില്‍ പ്രത്യേക സി.ബി.ഐ കോടതി ഇദ്ദേഹത്തെ ചൊവ്വാഴ്ച വിളിച്ചുവരുത്തിയിരുന്നു.