കസ്തൂരിരംഗൻ:സർക്കാർ നിലപാടിനെതിരെ വി.ഡി.സതീശൻ രംഗത്ത്.

single-img
21 July 2015

satheesanvdപശ്ചിമഘട്ട സംരക്ഷണത്തിനായി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച ചില നടപടികള്‍ പുനഃപരിശോധിക്കണമെന്ന് വി.ഡി. സതീശന്‍. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. പശ്ചിമഘട്ട സംരക്ഷണം കബളിപ്പിക്കലായി മാറുന്നു. വനഭൂമി മാത്രമേ പരിസ്ഥിതിലോല പ്രദേശമായി കാണൂ എന്നതു വിചിത്രം. നിലവിലുള്ള വനംകേസുകളെ ഇതു ബാധിക്കുമെന്നും സതീശൻ പറയുന്നു.

പശ്ചിമഘട്ടസംരക്ഷണത്തിനായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ച ഡോ. കസ്തൂരി രംഗന്‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് കാര്‍ഷികവിരുദ്ധവും പരിസ്ഥിതി വിരുദ്ധവുമാണ്. ഈ പ്രതിസന്ധി പരിഹരിക്കാന്‍ കേരള സര്‍ക്കാരെടുത്ത നടപടികള്‍ മാതൃകാപരവുമാണ്. എന്നാല്‍ വനഭൂമിയുടെ സര്‍വേ നമ്പര്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ കേരള സര്‍ക്കാര്‍ സ്വീകരിച്ച ചില നടപടികള്‍ പുനഃപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് സതീശൻ പറഞ്ഞു.

കേരളത്തിലെ വനഭൂമിക്ക് ഇ.എസ്.എ സ്റ്റാറ്റസ് കൊടുക്കാമെന്ന നിലപാട് വിചിത്രമാണെന്നും പശ്ചിമ ഘട്ടസംരക്ഷണം കബളിപ്പിക്കലാകുന്നുവെന്നും അദ്ദേഹം ഫേസ് ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.

അതേസമയം പരിസ്ഥിതിലോലമായി കണക്കാക്കിയ സംസ്ഥാനത്തെ 119 വില്ലേജുകളിലെയും ഒഴിവാക്കപ്പെടേണ്ട പ്രദേശങ്ങള്‍ സംബന്ധിച്ചു പഠിച്ച് കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി പ്രത്യേക സമിതികള്‍ രൂപവത്കരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചിരുന്നു. 29ന് റിപ്പോർട്ട് കേന്ദ്രസര്‍ക്കാരിന് കൈമാറാനിരിക്കുകയാണ്.