യാക്കൂബ് മേമൻറെ തിരുത്തല്‍ ഹർജി സുപ്രീംകോടതി തള്ളി; ഈ മാസം 30ന് തൂക്കിലേറ്റിയേക്കും

single-img
21 July 2015

yakub-memonന്യൂഡൽഹി: 1993ലെ മുംബയ് സ്ഫോടന കേസുകളിലെ പ്രതിയായ യാക്കൂബ് മേമൻ, തന്റെ വധശിക്ഷ ചോദ്യം ചെയ്ത് നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ഇതോടെ ഇയാളുടെ വധശിക്ഷ  ഈ മാസം 30ന് നടപ്പാക്കിയേക്കും. വധശിക്ഷയുടെ എല്ലാ ഒരുക്കങ്ങളും മഹാരാഷ്ട്ര സർക്കാർ നേരത്തെ തന്നെ പൂർത്തിയാക്കിയിരുന്നു. നേരത്തെ മേമൻ നൽകിയ ദയാർഹർജി രാഷ്ട്രപതിയും സുപ്രീംകോടതിയും തള്ളിയിരുന്നു. തുടർന്ന് മേമൻ തിരുത്തൽ ഹർജിയുമായി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ആ ഹർജിയാണ് ഇന്ന് സുപ്രീംകോടതി തള്ളിയത്. ശിക്ഷ നടപ്പാവുകയാണെങ്കിൽ മുംബയ് സ്ഫോടന കേസുമായി ബന്ധപ്പെട്ട് നടക്കുന്ന ആദ്യ വധശിക്ഷയാവും മേമന്റേത്.

മേമന്റെ വധശിക്ഷ നടപ്പാക്കാനുള്ള ഉത്തരവ് മുംബയിലെ തീവ്രവാദ വിരുദ്ധ കോടതി നേരത്തെ പുറപ്പെടുവിച്ചിരുന്നു. നാഗ്പൂർ ജയിലിൽ തൂക്കിലേറ്റുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ഉണ്ട്. മാത്രമല്ല, മേമനെ തൂക്കിലേറ്റുന്നതിനുള്ള തീയതിക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് അംഗീകാരവും നൽകുകയും ചെയ്തു.

ദയാഹ‌ർജി തള്ളിയ രാഷ്ട്രപതി വധശിക്ഷയ്ക്കുള്ള തീയതി തീരുമാനിക്കാൻ മഹാരാഷ്ട്ര സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു. വധശിക്ഷ ചോദ്യം ചെയ്തുള്ള മേമന്റെ പുന:പരിശോധനാ ഹർജി ഏപ്രിൽ ഒന്പതിനാണ് സുപ്രീംകോടതി തള്ളിയത്. തുടർന്നാണ് മേമൻ തിരുത്തൽ ഹർജി സമർപ്പിച്ചത്.

അധോലോക നായകൻ ടൈഗർ മേമൻ എന്നറിയപ്പെടുന്ന ഇബ്രാഹിം മുഷ്താഖ് മേമന്റെ സഹോദരനാണ് യാക്കൂബ്. 1993 മാർച്ച് 12ന് ബോംബെയിലുണ്ടായ സ്ഫോടന പരന്പരകളിൽ 257 പേർ കൊല്ലപ്പെടുകയും 700 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സി.ബി.ഐ അന്വേഷിച്ച കേസിലെ മുഖ്യപ്രതിയായ ടൈഗർ മേമൻ ഇപ്പോഴും ഒളിവിലാണ്.