വിശ്രമമില്ലാതെ ഐ‌എസ്‌ആര്‍‌ഒ:ഇനി മൂവർണ്ണക്കൊടി ശുക്രനിൽ പാറിയ്ക്കുക ലക്ഷ്യം

single-img
21 July 2015

isroന്യൂഡല്‍ഹി: വിജയകരമായ ഇന്ത്യയുടെ ചൊവ്വാ ദൗത്യത്തിന് പിന്നാലെ ശുക്രനിലേക്കും ചൊവ്വയിലേക്കും നക്ഷത്രസദൃശ്യമായ ചെറിയഗ്രഹങ്ങളിലേക്കും പുതിയ പര്യവേക്ഷണത്തിന് ഐഎസ്ആര്‍ഒ സംഘം ഒരുങ്ങുന്നു. മംഗള്‍യാന്റെ വിജയത്തിനു ശേഷം രണ്ടാമതും ചൊവ്വ പര്യവേക്ഷണത്തിന് ഒരുങ്ങുകയാണ്. ഇതു കൂടാതെ ശുക്രനിലേക്കും നക്ഷത്രസദൃശ്യമായ ചെറിയ ഗ്രഹങ്ങളിലേക്കും പര്യവേക്ഷണം നടത്താന്‍ പദ്ധതിയുണ്ടെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ അറിയിച്ചു.

ബഹിരാകാശത്തിന്റെ ഉള്ളറകള്‍ കണ്ടെത്തുന്ന പദ്ധതിയില്‍ യുഎസും ഇന്ത്യയെ സഹായിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഭൂമിയെപ്പോലുള്ള ഗ്രഹമെന്നാണ് ശുക്രന്‍ അറിയപ്പെടുന്നത് ചിലപ്പോള്‍ ഭൂമിയുടെ സഹോദരി ഗ്രഹം എന്നും വിളിക്കാറുണ്ട്. ഭൂമിക്ക് സമാനമായ വലുപ്പവും പിണ്ഡവും സൂര്യനിലേക്കുള്ള ദൂരവും ഏതാണ്ട് സാമ്യമാണെന്നാണ് പറയുന്നത്. എന്നാല്‍ ഭൂമിയുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ വ്യത്യാസങ്ങള്‍ ശുക്രനുണ്ട്.

ഇതുവരെ റഷ്യയും യുഎസും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും (ഇഎസ്എ) മാത്രമാണ് ശുക്രനിലേക്ക് പര്യവേക്ഷണം നടത്തി വിജയിച്ചിട്ടുള്ളു. ഇന്ത്യയുടെ ചൊവ്വാ പര്യവേക്ഷണ പദ്ധതിയായ മംഗള്‍യാന്‍ വിജയകരമായി നടത്തിയത് കഴിഞ്ഞവര്‍ഷമാണ്. ഐഎസ്ആര്‍ഒയുടെ രണ്ടാം ചൊവ്വാ പര്യവേക്ഷണം മംഗള്‍യാന്‍  2018-2020ല്‍ നടക്കുമെന്നാണ് കരുതുന്നത്. ചൊവ്വയിലിറങ്ങിയുള്ള പരീക്ഷണം ഈ ദൗത്യത്തില്‍ നടപ്പാക്കാനാണ് പദ്ധതി.