പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം; ഇരു സഭകളും നിര്‍ത്തി വെച്ചു

single-img
21 July 2015

parlimentന്യൂഡല്‍ഹി: പാര്‍ലമെന്റ് മണ്‍സൂണ്‍ സമ്മേളനത്തിന്റെ ആദ്യദിനത്തില്‍ തന്നെ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ നിര്‍ത്തി വെച്ചു. വിവിധ അഴിമതി വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പാര്‍ലമെന്റില്‍ പ്രതിപക്ഷം ആഞ്ഞടിക്കുകയായിരുന്നു. തുടര്‍ന്ന് അന്തരിച്ച അംഗത്തിന് ആദരാഞ്ജലി അര്‍പ്പിച്ച് ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു. ലളിത് മോദി വിവാദത്തില്‍ മന്ത്രി സുഷമാ സ്വരാജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് രാജ്യസഭയില്‍ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. തുടര്‍ന്ന് രാജ്യസഭ രണ്ടു തവണ നിര്‍ത്തിവെച്ചു.

ലളിത് മോദി വിഷയവും വ്യാപം അഴിമതിയും ഉള്‍പ്പെടെയുള്ള സംഭവങ്ങളില്‍ ഇരുസഭകളിലും കടുത്ത പ്രതിഷേധമുയര്‍ത്തുമെന്ന് പ്രതിപക്ഷം നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. ലോക്‌സഭ തുടങ്ങിയപ്പോള്‍ തന്നെ കടുത്ത ബഹളം തുടങ്ങി. തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.

രാജ്യസഭയില്‍ ലളിത് മോദിയെ നാടുവിടാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ സഹായിക്കുകയാണെന്ന് ആരോപണമുന്നയിച്ച് പ്രതിപക്ഷ കക്ഷികള്‍ ബഹളം വെച്ചു. തുടര്‍ന്ന് വിഷയം ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് മന്ത്രി അരുണ്‍ജെയ്റ്റ്‌ലി പറഞ്ഞെങ്കിലും പ്രതിപക്ഷം ചെവിക്കൊണ്ടില്ല.

ലളിത് മോദിക്ക് സഹായം ചെയ്തുകൊടുത്ത മന്ത്രി സുഷമാ സ്വരാജ് രാജിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ബഹളം രൂക്ഷമായതോടെ രാജ്യസഭ ഉച്ചക്ക് 12 വരെ നിര്‍ത്തിവെച്ചു.