യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് അടിയന്തര സഹായം എത്തിച്ചു;ഗ്രീസിലെ ബാങ്കുകള്‍ തുറന്നു

single-img
21 July 2015

greeceഏദന്‍സ്: യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് അടിയന്തര സഹായം എത്തിച്ചതോടെ ഗ്രീസിലെ ബാങ്കുകള്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങി. യൂറോപ്യന്‍ യൂനിയന്‍, അന്താരാഷ്ട്ര നാണയനിധി തുടങ്ങിയ വിദേശ ഏജന്‍സികള്‍ക്കുള്ള ശതകോടികളുടെ ബാധ്യത അടച്ചുവീട്ടലും ഗ്രീസ് ആരംഭിച്ചിട്ടുണ്ട്.

പണമില്ലാതെ മൂന്നാഴ്ചയായി അടഞ്ഞുകിടന്ന ബാങ്കുകള്‍ തുറന്നതോടെ രാജ്യത്തുടനീളം ബാങ്കിങ് സ്ഥാപനങ്ങള്‍ക്കു മുന്നില്‍ നീണ്ട ക്യൂ രൂപപ്പെട്ടു. പ്രതിദിനം പിന്‍വലിക്കാവുന്നത് 60 യൂറോയെന്ന പരിധി ആഴ്ചയില്‍ 420 യൂറോ ആക്കിയിട്ടുണ്ട്. ഇതോടെ വേണമെങ്കില്‍ മുഴുവന്‍ തുകയും ഒരു ദിവസം പിന്‍വലിക്കാനാവും.

കടുത്ത സാമ്പത്തിക അച്ചടക്ക നടപടികള്‍ നിര്‍ദേശിക്കുന്ന കടാശ്വാസ പദ്ധതിക്ക് കഴിഞ്ഞ ദിവസം ഗ്രീക് പാര്‍ലമെന്‍റ് അംഗീകാരം നല്‍കിയതോടെ രാജ്യത്ത് വിവിധ മേഖലകളില്‍ നികുതി കുത്തനെ ഉയര്‍ന്നിട്ടുണ്ട്. വിദേശ ടൂറിസ്റ്റുകളെയും നികുതി വര്‍ധന ബാധിക്കും.

പ്രധാനമന്ത്രി അലക്സിസ് സിപ്രാസ് നേതൃത്വം നല്‍കുന്ന മന്ത്രിസഭയില്‍ അടിയന്തര അഴിച്ചുപണിയും ഇന്നലെ പൂര്‍ത്തിയായി. കടാശ്വാസ പാക്കേജ് അംഗീകരിക്കാത്ത മന്ത്രിമാരെ മാറ്റിനിര്‍ത്തിയാണ് പുതിയ മന്ത്രിസഭ നിലവില്‍ വന്നത്.

തന്‍െറ കക്ഷിയായ സിറിസയിലെ 39 അംഗങ്ങള്‍ വോട്ടിങ്ങില്‍നിന്ന് വിട്ടുനിന്നിരുന്നു. 300 അംഗ സഭയില്‍ സിറിസക്ക് 162 സീറ്റുകളുണ്ടെങ്കിലും നിലവില്‍ 123 അംഗങ്ങളുടെ പിന്തുണയാണ് സ്വന്തം മുന്നണിയില്‍നിന്ന് അദ്ദേഹത്തിനുള്ളത്.

അതിനിടെ, യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന് നല്‍കാനുള്ള 420 കോടി യൂറോയുടെ അവധി തിങ്കളാഴ്ച എത്തിയതിനെ തുടര്‍ന്ന് ആദ്യ ഗഡു നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചു. ജൂണില്‍ അവധിയത്തെിയ 205 കോടി യൂറോയുടെ ഐ.എം.എഫ് കടവും അടുത്ത ദിവസം തിരിച്ചടക്കും.