വിഴിഞ്ഞം തുറമുഖപദ്ധതിയുമായി ബന്ധപ്പെട്ടുയര്‍ന്നേക്കാവുന്ന തൊഴിലാളിപ്രശ്‌നങ്ങളില്‍ അദാനിക്ക് ആശങ്ക

single-img
21 July 2015

vizhinjamതിരുവനന്തപുരം: വിഴിഞ്ഞം തുറമുഖപദ്ധതിയുമായി ബന്ധപ്പെട്ടുയര്‍ന്നേക്കാവുന്ന തൊഴിലാളിപ്രശ്‌നങ്ങളില്‍ കരണ്‍ അദാനിക്ക് ആശങ്ക. ശശി തരൂര്‍ എം.പി.യുടെ വീട്ടില്‍ നടന്ന അനൗദ്യോഗിക സംഭാഷണത്തിലാണ് സംസ്ഥാനത്തിന്റെ രാഷ്ട്രീയപരിസ്ഥിതിയും തൊഴില്‍പ്രശ്‌നങ്ങളും കരണ്‍ ചൂണ്ടിക്കാട്ടിയത്. നിര്‍മ്മാണത്തിന്റെ മേല്‍നോട്ടത്തിനായി സ്വതന്ത്ര എന്‍ജിനിയറുടെ സേവനം കരാറില്‍ ഉറപ്പാക്കും. വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനിയാണ് സ്വതന്ത്ര എന്‍ജിനിയറെ നിയോഗിക്കുക. ആഗോള ടെന്‍ഡര്‍ വിളിച്ചാകും ഇത്. കേന്ദ്രസര്‍ക്കാരിന്റെ കരട് കരാറിലെ വ്യവസ്ഥയാണിത്.

ചിങ്ങം ഒന്നിന് കരാര്‍ ഒപ്പിട്ടശേഷം രാഷ്ട്രീയകക്ഷികളുടെ അഭിപ്രായസമന്വയത്തിനായി സര്‍വകക്ഷിയോഗം ചേരേണ്ടതിന്റെ ആവശ്യകതയും കരണ്‍ അദാനി ചൂണ്ടിക്കാട്ടി. തുറമുഖനിര്‍മാണത്തിന് ഏറ്റവും ആവശ്യം തൊഴിലാളികളാണ്. ആയിരക്കണക്കിന് തൊഴിലാളികളാണ് വേണ്ടിവരിക. അതുകൊണ്ടുതന്നെ സംസ്ഥാനത്തിന്റെ രാഷ്ട്രീയപശ്ചാത്തലം ഇവിടെ നിര്‍ണായക ഘടകമാണ്. ഇത് മുന്‍നിര്‍ത്തിയാണ് കരണ്‍ അദാനി രാഷ്ട്രീയസമന്വയത്തിന്റെ ആവശ്യകതയെ പറ്റി പറഞ്ഞത്

പദ്ധതിയുമായി ബന്ധപ്പെട്ട് തദ്ദേശവാസികള്‍ക്ക് ലഭിക്കുന്ന വര്‍ധിച്ച തൊഴില്‍സാധ്യതകളെക്കുറിച്ച് അദാനി അഭിപ്രായപ്പെട്ടു. തുറമുഖം പൂര്‍ത്തിയായാലും തൊഴിലില്ലായ്മ പരിഹരിക്കാന്‍ സ്ഥിരം സംവിധാനമുണ്ടാകണമെന്ന ശശി തരൂര്‍ എം.പി പറഞ്ഞു. തുറമുഖത്തിന്റെ പ്രകൃതിദത്തമായ ആനുകൂല്യങ്ങളെക്കുറിച്ച് കരണ്‍ അദാനി സംതൃപ്തി പ്രകടിപ്പിച്ചു.