വിഴിഞ്ഞം തുറമുഖ നിര്‍മാണ ഉദ്ഘാടനം ചിങ്ങം ഒന്നിന്‌

single-img
20 July 2015

vizhinjamകേരളം ഏറെ കാത്തിരിക്കുന്ന വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണ ഉദ്ഘാടനം ചിങ്ങം ഒന്നിന് നടക്കുമെന്ന് എക്‌സൈസ് തുറമുഖ വകുപ്പ് മന്ത്രി കെ.ബാബു. അദാനി ഗ്രൂപ്പുമായി ഇന്നു മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ നടത്തിയ യോഗത്തിലാണ് പദ്ധതിക്ക് കൂടുതല്‍ വ്യക്തത നല്‍കുന്ന തീരുമാനമുണ്ടായത്.

പദ്ധതി നാലു വർഷത്തിനുള്ളിൽ പൂർത്തിയാക്കും. കബോട്ടാഷ് നിയമത്തിൽ ഇളവു തേടി മുഖ്യമന്ത്രി ഇന്നു തന്നെ പ്രധാനമന്ത്രിക്ക് കത്തയയ്ക്കും. പദ്ധതിക്കാവശ്യമായ ഭൂമിയേറ്റടുക്കൽ 90 ശതമാനത്തോളം പൂർത്തിയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തുറമുഖ നിര്‍മാണത്തിനായി കല്ല് തമിഴ്‌നാടില്‍ നിന്നും കൊണ്ടുവരാന്‍ നിയമപരമായ തടസമുള്ളതിനാല്‍ കേരളത്തില്‍ നിന്ന് തന്നെ കല്ല് എടുക്കാനുള്ള ക്വാറി സൗകര്യങ്ങള്‍ ചെയ്തു കൊടുക്കണമെന്ന് അദാനി ഗ്രൂപ്പ് യോഗത്തില്‍ ആവശ്യപ്പെട്ടു. നിലവിലുള്ള നിയമങ്ങള്‍ പാലിച്ചുകൊണ്ട് തന്നെ അതിനുള്ള സൗകര്യമൊരുക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി കെ.ബാബു വ്യക്തമാക്കി.

നാലുവർഷം കാലാവധി ഉണ്ടെങ്കിലും രണ്ടു വർഷംകൊണ്ടുതന്നെ നിർമാണം പൂർത്തിയാക്കാനാണ് ശ്രമിക്കുന്നതെന്ന് കരൺ അദാനി മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ കാര്യങ്ങളും പരിശോധിച്ചാണ് ഞങ്ങൾ ഇവിടെ വന്നത്. ഒന്നിനെക്കുറിച്ചും ആശങ്കയില്ല. പ്രദേശവാസികളുടെ പിന്തുണയിൽ വിശ്വാസമുണ്ട്. അവർക്കുകൂടി പ്രയോജനം ചെയ്യുന്ന വിധത്തിലാകും പദ്ധതി നടപ്പാക്കുകയെന്നും കരൺ അദാനി കൂട്ടിച്ചേർത്തു.പത്തുലക്ഷത്തോളം കണ്ടെയിനറുകള്‍ ഇവിടെ കൈകാര്യം ചെയ്യാന്‍ കഴിയും. പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന എതിര്‍പ്പുകള്‍ക്കൊന്നും ഇനി സ്ഥാനമില്ലെന്നും കേരളത്തിലെ മൊത്തം വികസനിത്തിനും പ്രാദേശികമായ ഉന്നമനത്തിനും വഴിവെക്കുന്ന പദ്ധതിയാണിതെന്നും കരണ്‍ അദാനി പറഞ്ഞു.