ഇന്‍ഡസ്ട്രിയല്‍ മോഡല്‍ ടൗണ്‍ഷിപ്പ് തുടങ്ങാന്‍ ഏറ്റെടുത്ത ഭൂമിയ്ക്ക് പകരം ഹരിയാന സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് റോയല്‍റ്റിയായി നല്‍കിയത് രണ്ട് രൂപ

single-img
20 July 2015

cehq

ഹരിയാന സര്‍ക്കാര്‍ കര്‍ഷകരില്‍ നിന്നും ഇന്‍ഡസ്ട്രിയല്‍ മോഡല്‍ ടൗണ്‍ഷിപ്പ് തുടങ്ങാന്‍ ഏറ്റെടുത്ത ഭൂമിയ്ക്ക് പകരം റോയല്‍റ്റിയായി നല്‍കിയത് രണ്ട് രൂപ. ഹരിയാന ഇന്‍ഡസ്ട്രിയല്‍ ആന്റ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷനാണ് രണ്ട് രൂപയുടേയും അഞ്ച് രൂപയുടേയും പത്ത് രൂപയുടേയും 12 രൂപയുടേയും ചെക്കുകള്‍ റോയല്‍റ്റിയായി നല്‍കി കര്‍ഷകരെ അകമഴിഞ്ഞ് സഹായിച്ചിരിക്കുന്നത്.

തങ്ങള്‍ റോയല്‍റ്റി മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് പണം നല്‍കിയതെന്ന് റോയല്‍റ്റിയായി ചെറിയ തുക നല്‍കിയതില്‍ പ്രതിഷേധമറിയിച്ച കര്‍ഷകര്‍ക്ക് മറുപടിയായി എച്ച്എസ്‌ഐഐഡിസി അധികൃതര്‍ പറഞ്ഞു. 2006ലാണ് കര്‍ഷകരുടെ ഭൂമി സര്‍ക്കാര്‍ ടൗണ്‍ഷിപ്പിനായി ഏറ്റെടുത്തത്. ഖേരി സദ്, ബലിയാനി ഗ്രാമീണര്‍ക്കാണ് കഴിഞ്ഞ വര്‍ഷത്തെ റോയല്‍റ്റി നല്‍കിയിരിക്കുന്നത്.

ഏത് സാഹചര്യത്തിലും കുറഞ്ഞത് 500 രൂപയെങ്കിലും സര്‍ക്കാരുകള്‍ നഷ്ടപരിഹാരം പ്രഖ്യാപിക്കാറുണ്ടെന്നും പക്ഷേ ഏത് വ്യവസ്ഥകള്‍ അനുസരിച്ചാണ് സര്‍ക്കാര്‍ ഇത്രചെറിയ തുക തങ്ങള്‍ക്ക് റോയല്‍റ്റിയായി നല്‍കുന്നതെന്നറിയില്ലെന്നും പ്രദേശവാസികള്‍ പറയുന്നു. എന്നാല്‍ ന്യായീകരിച്ച് ഹരിയാന വ്യാവസായിക മന്ത്രി ക്യാപ്റ്റന്‍ അഭിമന്യൂ രംഗത്തെത്തിയിട്ടുണ്ട്. ഭൂമിയേറ്റെടുക്കല്‍ വ്യവസ്ഥക്ക് അനുസരിച്ചാണ് റോയല്‍റ്റി നല്‍കിയിരിക്കുന്നത്. നിയമാനുസൃതമായി നല്‍കേണ്ട പണം സര്‍ക്കാരിന് എങ്ങനെ കൂട്ടാനും കുറയ്ക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു.

സര്‍ക്കാര്‍ ഇന്‍ഡസ്ട്രിയല്‍ മോഡല്‍ ടൗണ്‍ഷിപ്പിനായി 2006ല്‍ 2,200 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുത്തത്. 165.17 കോടി നഷ്ടപരിഹാരമായി കര്‍ഷകര്‍ക്ക് നല്‍കിയെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു. 2006ലുണ്ടാക്കിയ ഭൂമിയേറ്റെടുക്കല്‍ വ്യവസ്ഥ പ്രകാരം ഒരു ഏക്കര്‍ ഭൂമിയ്ക്ക് 33 വര്‍ഷക്കാലത്തേക്ക് പ്രതിവര്‍ഷം 15,000 രൂപ റോയല്‍റ്റി വകയില്‍ സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കണമെന്നാണ് ചട്ടം.