ഇന്ത്യയെ സാങ്കേതിക മികവിൽ ലോകത്തിൻറെ മുൻനിരയിലെത്തിച്ച ഐഐടികൾക്കെതിരെ ആർ.എസ്.എസ്; ഐഐടികളെ ഹിന്ദു വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്ന് ആർ.എസ്.എസ് മാസിക

single-img
20 July 2015

India RSSന്യൂഡല്‍ഹി: രാജ്യത്തെ ഐഐടികള്‍ക്കെതിരെ ആര്‍എസ്എസ് മാസിക ഓര്‍ഗനൈസര്‍ രംഗത്ത്.  രാജ്യത്തെ ഐഐടികള്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഹിന്ദു വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കുന്നുവെന്നാണ് മാസികയുടെ ആരോപണം.

സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ ഐഐടികള്‍ പ്രതികരിക്കുന്നതിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ട്. രാജ്യത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിയന്ത്രിക്കുന്നത് കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളുമാണ്. ഇന്‍സ്റ്റിറ്റിയൂട്ടുകളുടെ ബൗദ്ധിക നിയന്ത്രണം ബോര്‍ഡ് മേധാവികളിലൂടെ കൈക്കലാക്കുന്നതില്‍ ഇരുപാര്‍ട്ടികളും നേരത്തെ കഴിവു തെളിയിച്ചിട്ടുണ്ടെന്നും ആര്‍എസ്എസ് ആരോപിച്ചു.

ഹരിദ്വാറിലെ റൂര്‍ക്കി ഐഐടിയില്‍ സസ്യേതര ഭക്ഷണങ്ങള്‍ വിതരണം ചെയ്യാന്‍ ആരംഭിച്ചു. റൂര്‍ക്കല എന്‍ഐടിയിലെ കമ്മ്യൂണിറ്റി ഹാളില്‍ പൂജകള്‍ നടത്തുന്നതില്‍ നിന്നും വിദ്യാര്‍ത്ഥികളെ തടഞ്ഞു. ഇത് രണ്ടും നടന്നത് യുപിഎ ഭരണക്കാലത്താണ്. ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനങ്ങള്‍ ഇന്ത്യ വിരുദ്ധവും ഹിന്ദു വിരുദ്ധവും ആയി മാറിയതിന്റെ തെളിവാണ് ഈ സംഭവങ്ങളെന്നും ആര്‍എസ്എസ് കുട്ടിച്ചേര്‍ത്തു.

ധാര്‍മ്മികയില്ലാത്ത അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ തെറ്റായ വഴിക്ക് നയിക്കുകയാണ്. തെറ്റായ ആശയപ്രചരണങ്ങള്‍ കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ് ഐഐടികളിലെ ഉത്തരാവാദിത്വപ്പെട്ടവര്‍. സാധാരണ രീതിയില്‍ നടക്കാറുള്ള ഡയറക്ടര്‍മാരുടെ നിയമനത്തിനൊരുങ്ങിയപ്പോഴാണ് എച്ച്ആര്‍ഡി മന്ത്രി സ്മൃതി ഇറാനിക്കെതിരെ കക്കോദ്കര്‍ രംഗത്തെത്തിയത്.

എന്നാല്‍ ഐഐടി മുംബൈയില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ആഘോഷിച്ച കിസ് ഓഫ് ലവ് പരിപാടിക്കെതിരെ ഒരക്ഷരം പറയാന്‍ കകോദ്കര്‍ തയ്യാറായില്ലെന്നും ആര്‍എസ്എസ് കുറ്റപ്പെടുത്തുന്നു.

ഹിന്ദുത്വ സംഘടനകളുടെ അഭിപ്രായങ്ങള്‍ പരിഗണിച്ച് കേന്ദ്രസര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയില്‍ മാറ്റം കൊണ്ടുവരണം. എതിര്‍പ്പുകളെ മുഖവിലക്കെടുക്കേണ്ടെന്നും ആര്‍എസ്എസ് പറയുന്നു. കൂടാതെ എഫ്ടിടിഐ ചെയര്‍മാന്‍ ഗജേന്ദ്ര ചൗഹാനെതിരെ സമരം നടത്തുന്ന പൂനെയിലെ വിദ്യാര്‍ത്ഥികളെ ഹിന്ദു വിരുദ്ധരെന്ന് ആര്‍എസ്എസ് വിശേഷിപ്പിച്ചിരുന്നു.