എലിസബത്ത് രാജ്ഞി നാസി ശൈലിയില്‍ സല്യൂട്ട് ചെയ്യുന്ന ചിത്രം വിവാദമാകുന്നു

single-img
20 July 2015

naziലണ്ടന്‍: എലിസബത്ത് രാജ്ഞി കുട്ടിയായിരിക്കുമ്പോള്‍ നാസി ശൈലിയില്‍ സല്യൂട്ട് ചെയ്യുന്ന ചിത്രം  വിവാദമാകുന്നു. 80 വര്‍ഷം മുമ്പുള്ള ചിത്രം സണ്‍ ദിനപത്രമാണ് പുറത്തുവിട്ടത്. ആറുവയസുള്ള എലിസബത്തിനെയും സഹോദരി മാര്‍ഗരറ്റിനെയും എഡ്വേര്‍ഡ് എട്ടാമന്‍ നാസി സല്യൂട്ട് പഠിപ്പിക്കുന്നതാണ് ചിത്രം. ചിത്രത്തില്‍ എലിസബത്തിന്റെ അമ്മയും നാസി സല്യൂട്ട് ചെയ്യുന്നുണ്ട്.

ഹിറ്റ്‌ലര്‍ വന്‍ശക്തിയായി മാറിക്കൊണ്ടിരുന്ന കാലത്ത് 1933ല്‍ എടുത്ത ചിത്രമാണ് പത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബാല്‍മോറയിലെ പുല്‍ത്തകിടിയില്‍ കളിക്കുന്ന വീഡിയോയില്‍നിന്നുള്ളതാണ് ഈ രംഗം. രാജ്ഞിയെ പ്രതിക്കൂട്ടിലാക്കിയ പത്രത്തെ വിമര്‍ശിച്ച് ബക്കിങ്ഹാം കൊട്ടാരം രംഗത്തെത്തിയിട്ടുണ്ട്.

ബ്രിട്ടനില്‍ ഏറെ ആദരിക്കപ്പെടുന്ന രാജ്ഞിയെ വിവാദത്തിലേക്ക് വലിച്ചിഴച്ച് അവഹേളിക്കരുതെന്ന് കൊട്ടാരം അധികൃതര്‍ ആവശ്യപ്പെട്ടു. എന്നാല്‍ പൊതുതാല്‍പര്യം കണക്കിലെടുത്താണ് ഫോട്ടോ പ്രസിദ്ധീകരിച്ചതെന്ന് സണ്‍ പത്രത്തിന്റെ മാനേജിങ് എഡിറ്റര്‍ വിശദീകരിച്ചു. എഡ്വേര്‍ഡ് എട്ടാമന് ഹിറ്റ്‌ലറോടുണ്ടായിരുന്ന ആഭിമുഖ്യം ചരിത്രപ്രസിദ്ധമാണ്.