2014-15 കാലയളവില്‍ രാഷ്ട്രപതിയുടെ അലവന്‍സ് തുക 33 ശതമാനമായി വര്‍ധിച്ചു; ടെലഫോണ്‍ ബില്‍ 5.06 ലക്ഷം രൂപ

single-img
20 July 2015

RashtrapatiBhavanമുംബൈ: 2014-15 കാലയളവില്‍ രാഷ്ട്രപതിയുടെ അലവന്‍സ് തുക 33 ശതമാനമായി വര്‍ധിച്ചു. മുംബൈ സ്വദേശി മന്‍സൂര്‍ ദര്‍വേശിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഈ കണക്കുകള്‍ ഉള്ളത്. രാഷ്ട്രപതിഭവനിലെ മൊത്തചെലവും രാഷ്ട്രപതിയുടെ അലവന്‍സും ടെലിഫോണ്‍ ബില്ലും സംബന്ധിച്ച വിവരങ്ങളാണ് ആര്‍ടിഐ മറുപടിയായി ദര്‍വേശിന് ലഭിച്ചത്.

2012-13 വര്‍ഷത്തില്‍ 30.96 കോടിയാണ് രാഷ്ട്രപതിക്ക് അലവന്‍സായി നല്‍കിയിരുന്നതെങ്കില്‍ 2014-15 കാലയളവില്‍ ഇത് 41.96 കോടിയായി വര്‍ധിച്ചു. രാഷ്ട്രപതിഭവനിലെ ജീവനക്കാരെ സംബന്ധിച്ചും ദര്‍വേശ് ആര്‍ടിഐ അപേക്ഷയില്‍ ചോദിച്ചിരുന്നു. 754 പേരാണ് രാഷ്ട്രപതിഭവനിലെ മൊത്തം ജീവനക്കാരുടെ എണ്ണം. 9 പ്രൈവറ്റ് സെക്രട്ടറിമാര്‍, 27 ഡ്രൈവര്‍മാര്‍, 64 തൂപ്പുജോലിക്കാരും ജീവനക്കാരില്‍ ഉള്‍പ്പെടുന്നു.

എട്ട് ടെലിഫോണ്‍ ഓപ്പറേറ്റര്‍മാരും രാഷ്ട്രപതി ഭവനിലുണ്ട്. മെയ് മാസത്തില്‍ 1.52 കോടി രൂപയാണ് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ ചെലവിട്ടത്. ടെലഫോണ്‍ ബില്‍ 5.06 ലക്ഷവും. ഏപ്രില്‍, മാര്‍ച്ച് മാസങ്ങളില്‍ യഥാക്രമം 5.06 ലക്ഷം, 4.25 ലക്ഷം എന്നിങ്ങനെ ആയിരുന്നു ടെലിഫോണ്‍ ബില്‍.

വിവിഐപി അതിഥികളെ സല്‍ക്കരിക്കാനായുള്ള ചെലവ് എത്രയെന്ന് ചോദിച്ചപ്പോള്‍ അതിനുമാത്രമായി പ്രത്യേക പണം നീക്കിവെക്കാറില്ലെന്നായിരുന്നു ആര്‍ടിഐ മറുപടി.

വൈദ്യുതി ബില്‍, സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം തുടങ്ങിയ ചില ചോദ്യങ്ങള്‍ക്ക് മറുപടി ലഭിച്ചില്ലെന്ന് അതുകൂടി കണക്കുകൂട്ടിയാല്‍ രാഷ്ട്രപതി ഭവനിലെ പ്രതിവര്‍ഷം ചെലവ് 100 കോടി കടക്കും. ഇന്ത്യന്‍ പൗരനെന്ന നിലയില്‍ രാഷ്ട്രപതി ഭവനില്‍ എത്രപണം ചെലവഴിക്കുന്നുണ്ടെന്ന് അറിയാനുള്ള അവകാശം തനിക്കുണ്ടെന്നും ദര്‍വേശ് കൂട്ടിചേര്‍ത്തു.

ഇതാദ്യമായല്ല മുംബൈയില്‍ മൊബൈല്‍ സ്റ്റോര്‍ നടത്തുന്ന ദര്‍വേശ് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 100 ഓളം ആര്‍ടിഐ അപേക്ഷകള്‍ ഇയാള്‍ നല്‍കിയിട്ടുണ്ട്. വിദേശയാത്രയില്‍ മോഡിയ്‌ക്കൊപ്പം എത്രപേര്‍ അനുഗമിക്കാറുണ്ടെന്ന് ആര്‍ടിഐ അപേക്ഷയിലൂടെ ചോദിച്ച് വാര്‍ത്തകളില്‍ ഇടംപിടിച്ചയാളാണ് ദര്‍വേശ്.