സംസ്ഥാനത്തെ വാര്‍ഡ് വിഭജനം സര്‍ക്കാര്‍ സാമുദായിക അടിസ്ഥാനത്തിലാണ് നടത്തിയത്- തോമസ് ഐസക്ക് എം.എല്‍.എ

single-img
20 July 2015

Niyamasabha1സംസ്ഥാനത്തെ വാര്‍ഡ് വിഭജനം സര്‍ക്കാര്‍ സാമുദായിക അടിസ്ഥാനത്തിലാണ് നടത്തിയതെന്ന് ആരോപിച്ച് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. ഡോ. ടി.എം തോമസ് ഐസക്ക് എം.എല്‍.എയാണ് വാര്‍ഡ് വിഭജനത്തിലെ അപാകതകള്‍ സഭ നിര്‍ത്തി വെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി.

സംസ്ഥാനത്തെ വാര്‍ഡ് വിഭജനം രാഷ്ട്രീയ ലക്ഷ്യം വെച്ചിട്ടാണ്. സര്‍ക്കാര്‍ തീക്കളിയാണ് കളിക്കുന്നത്. ഹിന്ദുപഞ്ചായത്തും മുസ്ലിം പഞ്ചായത്തും എന്ന രീതിയിലാണ് പല പഞ്ചായത്തുകളും വിഭജിച്ചിരിക്കുന്നതെന്നും തോമസ് ഐസക് എം.എല്‍.എ ആരോപിച്ചു.

എന്നാല്‍ വിഭജനം ശാസ്ത്രീയമാക്കുകയാണ് ചെയ്തതെന്ന് മന്ത്രി മുനീര്‍ മറുപടി പറഞ്ഞു. അരുവിക്കരയിലെ തോല്‍വിക്ക് ശേഷം കാര്‍ഡ് മാറ്റിക്കളിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ആരോപണം. ജനസംഖ്യക്ക് ആനുപാതികമായിട്ടാണ് മലപ്പുറത്ത് രണ്ട് ബ്ലോക്കുകള്‍ അനുവദിച്ചത്. സാമുദായികമായാണ് വാര്‍ഡ് വിഭജനം നടത്തിയതെന്ന് ആരോപണം നേരത്തെ ഉയര്‍ന്നിട്ടില്ല. ഇക്കാര്യത്തില്‍ ആരും ഒരു പരാതി പോലും നല്‍കിയിട്ടില്ലെന്നും മന്ത്രി എം.കെ മുനീര്‍ പറഞ്ഞു.

മുസ്ലിംലീഗ് മുരണ്ടാല്‍ പേടിക്കുന്നയാളാണ് മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ നിയമസഭയില്‍ അഭിപ്രായപ്പെട്ടു.  വാര്‍ഡ് വിഭജനത്തില്‍ അപാകതകളുണ്ടെങ്കില്‍ തിരുത്താന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. എന്നാല്‍ വിഭജനത്തെ സാമുദായികമായി കണ്ടത്  നിര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.