പാരമ്പര്യത്തിന്റെ അമിതഭാരം ചുമക്കുന്നവരോട്: ലോകം മാറുന്നുണ്ട്, നിങ്ങളറിയുന്നില്ല എന്നേയുള്ളൂ!

single-img
10 July 2015

11666179_586932998116261_5903214676903614641_nനവമാധ്യമങ്ങളുടെ സാമൂഹിക പ്രസക്തിക്ക് ഇനിയും മുഖവുരയുടെ ആവശ്യമില്ല. ലോകത്തെ കൂടുതല്‍ നീതിയുക്തമായ ഇടമാക്കി മാറ്റുന്നതിനും സര്‍വാധിപത്യങ്ങളെ പുറംതള്ളിയുള്ള ജനായത്തവത്കരണത്തിനും പുതിയ മാധ്യമ പരിസരം നല്‍കുന്ന പിന്തുണയ്ക്ക് കൂടുതല്‍ തെളിവുകള്‍ വേണ്ട. അറിവും വാര്‍ത്തകളും ഇനിമേല്‍ തമസ്‌കരിക്കാനാവില്ല എന്ന് തെളിയിച്ച് നില്‍പും ഇരിപ്പും സമരങ്ങള്‍ നമ്മുടെ നാട്ടിലും അരങ്ങേറിക്കഴിഞ്ഞു. മുമ്പ് ചിന്തിക്കാന്‍കൂടി കഴിയാതിരുന്ന പല കാര്യങ്ങളും-സ്വവര്‍ഗ ലൈംഗികത മുതല്‍ ചുംബനസമരം വരെ- ഇന്ന് പൊതുസമൂഹത്തിന്റെ മുമ്പിലേക്ക് എത്തുന്നത് മാറിയ മാധ്യമ സാഹചര്യത്തിന്റെ തെളിവാണ്.

 

ഇപ്പോള്‍ എന്തിനാണ് ഇതൊക്കെ പറയുന്നത് എന്ന ചോദ്യം ഉയരുംമുമ്പ് വിഷയത്തിലേക്ക് വരാം: കേരളത്തിലെ മാധ്യമ മേഖലയില്‍ നൂറ്റാണ്ടോളം പഴക്കമെത്തിയ പത്രമുത്തശ്ശിമാരും മുത്തശ്ശന്മാരും പുതിയ മാധ്യമ സംസ്‌കാരത്തോട് പുലര്‍ത്തുന്ന ‘ഫോബിയ’ പറഞ്ഞു തുടങ്ങേണ്ടിയിരിക്കുന്നു. ആ വാര്‍ധക്യഭീതിയുടെ തെളിവായാണ്, തങ്ങളുടെ സ്ഥാപനത്തിലെ തൊഴില്‍ പ്രശ്‌നങ്ങളെ റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ ‘ദേശീയ’ ദിനപത്രമായ മാതൃഭൂമിയുടെ മാനേജ്‌മെന്റ് സൗത്ത്‌ലൈവ്, അഴിമുഖം, വണ്‍ ഇന്ത്യ എന്നീ ഓണ്‍ലൈന്‍ പോര്‍ട്ടലുകളെ തങ്ങളുടെ ഓഫീസുകളില്‍ നിരോധിച്ച സംഭവത്തെ ഞങ്ങള്‍ കാണുന്നത്.

 

മാതൃഭൂമിയില്‍ നിന്ന് ഇത് പുതിയ സമീപനമല്ല. രണ്ട് വര്‍ഷംമുമ്പ്, 2013 ഫെബ്രുവരിയില്‍, മാതൃഭൂമിയുടെ തൊഴിലാളി വിരുദ്ധ നടപടികളെ കുറിച്ചുള്ള ഒരു ലേഖനം പ്രസിദ്ധീകരിച്ചതിന് ആ പത്രം നാല് ഓണ്‍ലൈന്‍ പോര്‍ട്ടലുകളെ ആദ്യമായി തങ്ങളുടെ ആഭ്യന്തരലോകത്ത് നിരോധിക്കുകയുണ്ടായി. ഡൂള്‍ന്യൂസ്, മലയാള്‍.എഎം, ബോധികോമണ്‍സ്, മറുനാടന്‍ മലയാളി എന്നീ പോര്‍ട്ടലുകളെയാണ് അവര്‍ നിരോധിച്ചത്. അതുകൊണ്ടും അരിശം തീരാതെ, സുപ്രീംകോടതി സമീപകാലത്ത് റദ്ദുചെയ്ത 66 എ എന്ന കിരാത വകുപ്പ് പ്രകാരം തന്നെ അന്ന് ഈ സ്ഥാപനങ്ങള്‍ക്കെതിരെ കേസും നല്‍കി. മാതൃഭൂമിയില്‍ കുറെ കാലമായി നടന്നുകൊണ്ടിരിക്കുന്ന ജനാധിപത്യ വിരുദ്ധവും അങ്ങേയറ്റവും അപലപനീയവുമായ കാര്യങ്ങള്‍ പുറം ലോകത്തോട് വിളിച്ചു പറയുന്നതിന്റെ പേരിലാണ് ഈ വിലക്കുകള്‍. അറിയിക്കാനുള്ള അവകാശത്തേക്കാള്‍ ഒരു തൂക്കം കൂടുതലുണ്ട് മനുഷ്യരുടെ അറിയാനുള്ള അവകാശത്തിന്. ഏതെങ്കിലും വിധത്തിലുള്ള നിരോധനം കൊണ്ടോ നിഷേധം കൊണ്ടോ തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ മൂടിവയ്ക്കുക ഇന്നത്തെ കാലത്ത് സാധ്യമാണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് മൗഢ്യമെന്നേ ഞങ്ങള്‍ പറയൂ.

 

ലോകം ഒരുപാട് മാറിയിട്ടുള്ളത് മാതൃഭൂമിയടക്കം പാരമ്പര്യത്തെ കൂട്ടുപിടിക്കുന്ന എല്ലാ മാധ്യമ സ്ഥാപനങ്ങളും മനസിലാക്കണം. ആധുനിക ജനാധിപത്യ സമൂഹത്തിലേക്കുള്ള ഓരോ കാല്‍വയ്പ്പും ലോകം അത്രയേറെ പ്രതീക്ഷയോടെയാണ് കാണുന്നത്. അവിടെ പുലര്‍ത്തേണ്ട മര്യാദകളും മാന്യതകളും ഒക്കെ ലംഘിക്കപ്പെടുന്നു എന്നു മനസിലാകുമ്പോഴാണ് പ്രതിരോധങ്ങള്‍ ഉയരുന്നതും. അകം മുഴുവന്‍ ചീഞ്ഞുനാറുന്ന സാഹചര്യത്തിലും പലവിധ വിലക്കുകളുടെയും ശാസനകളുടെയും ഒക്കെ രൂപത്തില്‍ ജനാധിപത്യവിരുദ്ധമായ കാര്യങ്ങള്‍ തുടര്‍ന്നുകൊണ്ടു പോവുക എളുപ്പമല്ല. പക്ഷേ പാരമ്പര്യത്തിന്റെ ഭാരം പേറുന്നവര്‍ക്ക് അത് എളുപ്പം മനസിലാകണമെന്നില്ല.

 

അറിയാനും അറിയിക്കാനുമുള്ള അവകാശത്തിനായി വാചാലരാകുന്ന മാധ്യമങ്ങള്‍, ലോകത്തെ എന്തിനെ കുറിച്ചും വലിയ ശബ്ദത്തില്‍ വിളിച്ചുപറയുന്നവര്‍, ഒരിക്കലും ആ കണ്ണാടി സ്വന്തം മുഖത്തേക്ക് തിരിച്ചുവെക്കാറില്ല. പ്രതിഫലിക്കേണ്ടത് ബാഹ്യലോകം മാത്രമാണെന്നും തങ്ങളുടെ ആന്തരികലോകം വികൃതവും നികൃഷ്ടവുമാണെങ്കിലും അത് പുറത്തറിയരുതെന്നുമാണ് മാധ്യമലോകത്ത് എക്കാലത്തുമുള്ള അലിഖിത വ്യവസ്ഥ. ഇവിടേക്ക് പുറത്തുനിന്ന് മറ്റാരെങ്കിലും വെളിച്ചം തിരിച്ചുവിട്ടാല്‍ അത് അവരെ പരിഭ്രാന്തിയിലേക്ക് നയിക്കുന്നതും വിവേകപരമല്ലാത്ത നടപടികള്‍ തീരുമാനങ്ങളായി പുറത്തു വരുന്നതും പലപ്പോഴായി കാണാറുണ്ട്. തങ്ങള്‍ കണ്ണടച്ചാല്‍ ലോകം ഇരുട്ടിയെന്ന ‘കാരണവര്‍ സിണ്ട്രോം’ തന്നെയാണ് അത്തരക്കാരെ നയിക്കുന്നതും.

 

സ്ഥാപനം എന്ന പരിമിത വൃത്തത്തില്‍ എന്ത് വേണം, വേണ്ട എന്ന് തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം മാതൃഭൂമിക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും ഒക്കെ ഉണ്ടാകാം. എന്നാലതേസമയം മാതൃഭൂമി മനസിലാക്കേണ്ട ഒരു കാര്യമുണ്ട്. അത് തങ്ങളുടെ സ്ഥാപനമെന്ന തൊഴിലിടത്തെ കുറിച്ചാണ്; അവിടെ കുറേ മനുഷ്യര്‍ തൊഴിലെടുക്കുന്നുണ്ട്; അവര്‍ക്ക് കാര്യങ്ങള്‍/വിവരങ്ങള്‍ അറിയാനുള്ള അവകാശവുമുണ്ട്. ഇത് തിരിച്ചറിഞ്ഞില്ലെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ തുറന്നു കാട്ടപ്പെട്ടുകൊണ്ടേയിരിക്കും. ഇതൊരു ഭീഷണിയല്ല. മറിച്ച് ചരിത്രപരമായ തിരിച്ചറിവാണ്.

 

കേവലം ഓഫീസ് വൃത്തങ്ങളിലെ പൊടിപ്പും തൊങ്ങലുകളും ലോകത്തെ അറിയിക്കുക എന്ന കാര്യമല്ല നവമാധ്യമങ്ങള്‍ ചെയ്യുന്നത് എന്നു മനസിലാക്കണം. സുതാര്യതയും സത്യസന്ധതയും ലോകത്തെ നയിക്കണം എന്ന കാഴ്ചപ്പാടോടു കൂടി അനേകം ആളുകളും സ്ഥാപനങ്ങളും കൂട്ടായ്മകളും ഒക്കെ ഉണ്ടായി വരുന്നത് ഒരു പ്രത്യാശയാണ്. അതില്‍ ഉത്തരവാദിത്തം എന്നൊരു കാര്യം കൂടിയുണ്ട്; അവരവര്‍ ജീവിക്കുന്ന ചുറ്റുപാടുകളോടും ഈ സമൂഹത്തോടാകെത്തന്നെയും. അത്തരം കാര്യങ്ങളില്‍ വീഴ്ചകള്‍ വരുമ്പോള്‍ പ്രിയപ്പെട്ട മുത്തശ്ശി, നിങ്ങള്‍ക്കുനേരെയും വിരല്‍ചൂണ്ടേണ്ടിവരും. നിങ്ങള്‍ സ്വരുക്കൂട്ടിവെച്ച മൂലധനത്തിന്റെ മതില്‍ക്കെട്ടുകള്‍ക്കുള്ളില്‍ നടക്കുന്നതെന്തെന്നും വിളിച്ചുപറയേണ്ടിവരും. അവിടെയാണ് പത്രധര്‍മത്തിന്റെ ഉള്‍ക്കരുത്ത് ഞങ്ങള്‍ക്ക് പിന്‍ബലമേകുന്നത്. അതിനുകൂടിയാണ് നവമാധ്യമങ്ങള്‍.

 

പത്രസ്ഥാപനങ്ങള്‍ കേവലം സ്വകാര്യ സ്ഥാപനങ്ങള്‍ എന്നുള്ള കാഴ്ച്ചപാടില്‍ മാത്രമല്ല കാര്യങ്ങളെ കാണേണ്ടത്, മറിച്ച് ആയിരക്കണക്കിന് തൊഴിലാളികള്‍ പണിയെടുക്കുന്ന തൊഴിലിടം എന്ന നിലയ്ക്ക് കൂടിയാണ്. സ്വാഭാവികമായും അവിടങ്ങളില്‍ തൊഴില്‍ പ്രശ്‌നങ്ങളും സമരങ്ങളും രൂപപ്പെടും. അത്തരം കാര്യങ്ങളെ ആരാണ് റിപ്പോര്‍ട്ട് ചെയ്യേണ്ടതെന്ന ഒരു ജേര്‍ണലിസ്റ്റിക് എത്തിക്കല്‍ ചോദ്യം ഇപ്പോഴെങ്കിലും ചോദിക്കണ്ടേ? പരസ്പരം കൂട്ടുകച്ചവടം നടത്തുന്നവരെന്ന നിലയില്‍ മുഖ്യധാരാ പത്രസ്ഥാപനങ്ങള്‍ക്ക് ഐക്യപ്പെട്ട ഒരു താല്‍പര്യമുണ്ടാകും. മുതലാളിത്ത താല്‍പര്യങ്ങള്‍ തന്നെയാണത്. അതുകൊണ്ട് തന്നെ അവിടങ്ങളിലെ തൊഴില്‍ സമരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുക എന്നത് ഈ മുതലാളിത്ത താല്‍പര്യത്തിന്റെ പ്രകടമായ പ്രതിഫലനമായിരിക്കുമല്ലോ.

 

വിലക്കല്ല, തുറന്നുകൊടുക്കലും സുതാര്യതയും നൈതികതയുമാണ് ലോകത്തെ നയിക്കേണ്ടതെന്ന് ഇനിയെന്നാണ് നമ്മള്‍ മനസിലാക്കുന്നത്? ഒരിടത്ത് ഏര്‍പ്പെടുത്തുന്ന വിലക്കുകൊണ്ട് എല്ലായിടത്തുമുള്ള വിലക്ക് സാധ്യമല്ല. മൂടിവെക്കുന്നവിവരങ്ങള്‍ അറിയാന്‍ താല്‍പര്യമുള്ളവര്‍ക്ക് അവരുടെ വിരല്‍തുമ്പില്‍ കാര്യങ്ങളറിയാമെന്ന നിലയിലേക്ക് ലോകവും നവമാധ്യമങ്ങളും സാങ്കേതിക വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. കല്ലച്ചിന്റെ ലോകത്തു നിന്ന് പത്രപ്രവര്‍ത്തനം പുതിയ ആകാശങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞു. അതിരുകളില്ലാത്ത നവമാധ്യമ വിഹായസ്സിന്റെ സ്വാതന്ത്ര്യം ഇത്തരം സ്ഥാപനങ്ങളും ആസ്വദിക്കുന്നുണ്ട്. തങ്ങളാസ്വദിക്കുന്ന ഈ സ്വാതന്ത്ര്യം മറ്റുള്ളവര്‍ക്ക് പാടില്ലന്നും, തങ്ങള്‍ക്കുനേരെ ഒരിക്കലും പ്രയോഗിക്കരുതെന്നുമാണ് ഇപ്പോള്‍ നിരോധനം ഏര്‍പ്പെടുത്തിയതിലൂടെ മാതൃഭൂമി കല്‍പ്പിക്കുന്നത്.

 

‘നവമാധ്യമങ്ങള്‍ മഹാവിപ്ലവങ്ങള്‍ കൊണ്ടുവരുമെന്നും മുഖ്യധാരാ മാധ്യമങ്ങള്‍ക്കു പകരമാകുമെന്നും ഒക്കെയുള്ളത് ഒരുകാലത്തും നടന്നേക്കില്ല’ എന്ന് സ്വയം സമാധാനിക്കുക തന്നെയാണ് പാരമ്പര്യത്തിന്റെ അധികഭാരം ചുമക്കുന്നവര്‍ക്ക് അഭികാമ്യം. സത്യം മറച്ചുവച്ചും വസ്തുതകളെ വളച്ചൊടിച്ചും മുഖ്യധാരാ മാധ്യമങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ നവമാധ്യമങ്ങള്‍ ചെറുതായെങ്കിലും പുറത്തെത്തിക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. ഇതൊരു തുടക്കമാണ്. ഇതിനോട് ക്രിയാത്മകമല്ലാതെ പ്രതികരിക്കുന്നത് പാരമ്പര്യത്തിന്റെ മഹത്വചിന്തയില്‍ അഭിരമിക്കുന്നവരെ കൂടുതല്‍ അപഹാസ്യരായിത്തീര്‍ക്കുകയേയുള്ളൂ. കാലത്തെ തങ്ങളുടെ പേനത്തുമ്പുകൊണ്ട് പിടിച്ചുകെട്ടിക്കളയാമെന്നും തങ്ങളുടെലോകത്തു നിന്നും ഒരു കുയിലും പാടില്ല എന്നുമൊക്കെ ധരിച്ചുവശായിരിക്കുന്ന മുത്തശ്ശിമാരുടെ വിലക്കുകള്‍ക്ക് മുമ്പില്‍ പകച്ചു നില്‍ക്കുന്നതല്ല വര്‍ത്തമാനകാലവും അതാവശ്യപ്പെടുന്ന പത്രപ്രവര്‍ത്തനവും. ഇതൊന്ന് ഓര്‍മിപ്പിക്കുക എന്ന ചെറിയ ദൗത്യമുണ്ടെന്ന് തോന്നി; അതും കൂട്ടായിട്ടു തന്നെ.

 

ഇ-വാര്‍ത്ത,മറുനാടന്‍ മലയാളി, ന്യൂസ് മൊമന്റ്‌സ്, ബിഗ് ന്യൂസ് ലൈവ്, വൈഗ ന്യൂസ്, കേരള ഓണ്‍ലൈന്‍ ന്യൂസ്,സൗത്ത്‌ലൈവ്, ഡൂള്‍ ന്യൂസ്, അഴിമുഖം,വണ്‍ ഇന്ത്യ.