കോഴിക്കോട്ടെ ദരിദ്രരുടെ വിശപ്പു തീര്‍ക്കാന്‍ ഓപ്പറേഷന്‍ സുലൈമാനിയുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളുമായി ജനങ്ങളുടെ മനസ്സില്‍ ഇടം നേടിയ കളക്ടര്‍ എന്‍.പ്രശാന്തിനെ തല്‍സ്ഥാനത്തു നിന്നും മാറ്റണമെന്ന് ഡി.സി.പ്രസിഡന്റ് കെ.സി. അബുവും എം.കെ രാഘവന്‍ എംപിയും കെ.പി.സി.സിയില്‍ ആവശ്യപ്പെട്ടു

single-img
9 July 2015

Prasanthanകോഴിക്കോട്ടെ ദരിദ്രരുടെ വിശപ്പു തീര്‍ക്കാന്‍ ഓപ്പറേഷന്‍ സുലൈമാനിയുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളുമായി ജനങ്ങളുടെ മനസ്സില്‍ ഇടം നേടിയ കളക്ടര്‍ എന്‍.പ്രശാന്തിനെ തല്‍സ്ഥാനത്തു നിന്നും മാറ്റണമെന്ന് കെ.പി.സി.സി യോഗത്തില്‍ ഡി.സി.പ്രസിഡന്റ് കെ.സി. അബുവും എം.കെ രാഘവന്‍ എംപിയും.

കളക്ടറെ വിളിച്ചാല്‍ ഫോണില്‍ കിട്ടില്ലെന്നും ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും അക്കൗണ്ട് തുറന്ന് കലക്ടര്‍ ഷൈന്‍ ചെയ്യുകയാണെന്നും അബു പരാതി പറഞ്ഞു. ഇതു തന്റെ മാത്രം അഭിപ്രായം അല്ലെന്നും എം.കെ രാഘവന്‍ എംപിയോട് ചോദിച്ചാല്‍ മതിയെന്നും ഇക്കാര്യം യോഗത്തില്‍ സംസാരിക്കാന്‍ രാഘവന്‍ തന്നെ പ്രത്യേകം ഏല്‍പിച്ചിട്ടുണ്ടെന്നും അബു അറിയിച്ചു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുള്ള കളക്ടര്‍ പ്രശാന്ത് ആഭ്യന്തരമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ഇരുന്നോട്ടെയെന്നും കോഴിക്കോടിന് ഇത്തരമൊരു കളക്ടര്‍ വേണ്ടെന്നുമാണ് കെ.സി അബു യോഗത്തില്‍ പറഞ്ഞത്.

ഓപ്പറേഷന്‍ സുലൈമാനി, ഫേസ്ബുക്കില്‍ കോഴിക്കോട് ജില്ലക്കായി പ്രത്യേകം പേജ് എന്നിവയിലൂടെ പല ജനങ്ങളുടെ പ്രശ്‌നങ്ങളിലുമിടപെട്ട് ചുരുങ്ങിയ കാലംകൊണ്ട് മികച്ച കളക്ടറെന്ന് പേരെടുത്തയാളാണ് പ്രശാന്ത്. കളക്ടറുടെ ഫേസ്ബുക്ക് പേജും പ്രസിദ്ധമാണ്. ജില്ലാഭരണ കൂടങ്ങളുടെ ഫേസ്ബുക്ക് പേജുകളില്‍ രാജ്യത്ത് തന്നെ ഏറ്റവുമധികം ഹിറ്റും ഫോളോവേഴ്‌സും ഉള്ള പേജാണ് കോഴിക്കോട് ജില്ലയുടേത്. ചുരുങ്ങിയ കാലം കൊണ്ട് ജനപ്രതിനിധികളേക്കാള്‍ ജനകീയനായി മാറിയ കളക്ടര്‍ രാഷ്ട്രീയക്കാരുടെ കണ്ണിലെ കരടായി മാറിയതിന് തെളിവാണ് കെ.സി അബുവിന്റെ പ്രസ്താവന.